ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ ശക്തമായ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാന്റെ ചാര പ്രവൃത്തിയുടെ വലിയ വാർത്തകളാണ് പുറത്തുവന്നത്. പ്രശസ്ത യൂട്യൂബർ ജ്യോതി മൽഹോത്രയടക്കം 12 പേരാണ് ചാരവൃത്തിക്ക് ഇന്ത്യയിൽ പിടിയിലായത്. ഐ എസ് ഐയുടെ പുതിയ തന്ത്രമാണ് സോഷ്യൽ മീഡിയയിലൂടെ ഇന്ത്യക്കെതിരായ വികാരം വളർത്തുക എന്നതാണെന്നാണ് വിദഗ്ധർ ചൂണ്ടികാട്ടുന്നത്. പിടിയിലായ ജ്യോതി മൽഹോത്രയടക്കമുള്ളവരെ നാർക്കോ പരിശോധനക്ക് വിധേയമാക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും ഇവർ ചൂണ്ടികാട്ടിയിട്ടുണ്ട്.
ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ പ്രവർത്തിക്കുന്ന ഒരു നയതന്ത്രജ്ഞന് വാട്സാപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് എന്നിവ വഴി തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതായി മൽഹോത്രയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യപ്പെട്ട നയതന്ത്രജ്ഞനെ മെയ് 13 ന് പേഴ്സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കുകയും ഇന്ത്യയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ആക്രമണത്തെത്തുടർന്ന് ഇന്ത്യ കൗണ്ടർ ഇന്റലിജൻസ് പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോൾ, പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ എസ് ഐ) യുടെ പ്രവർത്തനരീതിയും ഇന്ത്യൻ മണ്ണിൽ നടപ്പാക്കുന്ന തന്ത്രങ്ങളും മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ഏവരും