വാഷിങ്ടണ്‍: ഫ്‌ളോറിഡ സര്‍വകലാശാലയില്‍ വ്യാഴാഴ്ച്ച നടന്ന വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെയ്പ്പ് നടത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളല്ലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പിന്റെ വക്താവ് അറിയിച്ചു.
വെടിവെപ്പിനെക്കുറിച്ച് തനിക്ക് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 'ഇതൊരു ഭയാനകമായ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് ഭയാനകമാണ്. ട്രംപ് പറഞ്ഞു.
വെടിവെപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കി അലാറം മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍ താന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രധാന ലൈബ്രറിയിലായിരുന്നുവെന്ന് 20 വയസ്സുള്ള ജൂനിയര്‍ വിദ്യാര്‍ത്ഥി ജോഷ്വ സിര്‍മാന്‍സ് പറഞ്ഞു. പോലീസ് അധികൃതരാണ് പുറത്തെത്തിച്ചതെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടാന്‍ യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടു. മുന്‍കരുതല്‍ എന്ന നിലയില്‍, വ്യാഴാഴച്ചയും വെള്ളിയാഴ്ച്ചയും ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ ക്ലാസുകളും പരിപാടികളും റദ്ദാക്കി.
ടലഹസിയില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഫ്‌ളോറിഡയിലെ 12 പൊതു സര്‍വകലാശാലകളില്‍ ഒന്നാണ്. 44,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.