വിൽപ്പനയ്ക്കായി കൊണ്ടുവന്നത് നാലുകിലോയിലധികം കഞ്ചാവ്: കോഴിക്കോട് സ്വദേശിയായ സ്ത്രീ പിടിയിൽ



കോഴിക്കോട്: നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാലുകിലോയിലധികം കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ സ്ത്രീ പിടിയിൽ. വെസ്റ്റ്ഹിൽ കോന്നാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ സി.പി. കമറുന്നീസയെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും എസ്ഐ ബി. സുലൈമാന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടിയത്.
മംഗലാപുരത്തുനിന്ന്‌ കോഴിക്കോട്ടേക്ക് ട്രെയിൻമാർഗം വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.331 കിലോഗ്രാം കഞ്ചാവുമായി റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന്‌ വ്യാഴാഴ്ച രാവിലെയാണ് കമറുന്നീസ പിടിയിലാകുന്നത്.
ഷോൾഡർ ബാഗിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. മുൻപ്‌ 80.500 ഗ്രാം ബ്രൗൺഷുഗറും രണ്ടുകിലോ കഞ്ചാവുമായി പിടികൂടിയതിന് കുന്ദമംഗലം സ്റ്റേഷനിൽ കമറുന്നീസയ്ക്ക് കേസുണ്ട്. ഇതിൽ അഞ്ചുവർഷം ജയിൽശിക്ഷ ലഭിച്ചിരുന്നു. കൂടാതെ, കോഴിക്കോട് എക്സൈസിൽ മൂന്ന് കഞ്ചാവുകേസുണ്ട്. കഴിഞ്ഞവർഷം നാലുകിലോ കഞ്ചാവുമായി കോയമ്പത്തൂർ പോലീസും പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും ലഹരിക്കച്ചവടം തുടങ്ങിയെന്ന വിവരത്തിൽ കമറുന്നീസ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال