ന്യൂഡൽഹി: മുസ്‌ലിം മതവിശ്വാസിയായി തുടരുന്നവർക്ക് ശരിഅത്തിന് പകരം ഇന്ത്യയിലെ പിന്തുടർച്ചാവകാശനിയമം ബാധകമാക്കാമോ എന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി.
തനിക്ക് മുസ്‌ലിമായി തുടർന്നുകൊണ്ടുതന്നെ പിന്തുടർച്ചാവകാശം ബാധകമാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിയായ കെ.കെ. നൗഷാദ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നോട്ടീസയച്ചു.വിൽപ്പത്രം തയ്യാറാക്കുമ്പോൾ മുസ്‌ലിം വ്യക്തിനിയമങ്ങളുടെ നിയന്ത്രണത്തിൽനിന്ന് മാറി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
മുസ്‌ലിംസമുദായത്തിൽ ജനിച്ചെങ്കിലും അവിശ്വാസിയായി മാറിയവർക്കു ശരിഅത്ത് ബാധകമാക്കരുതെന്നാവശ്യപ്പെട്ട് മലയാളിയായ പി.എം. സഫിയ നൽകിയ ഹർജി സുപ്രീംകോടതിക്ക് മുൻപാകെയുണ്ട്. മതം ഉപേക്ഷിച്ച മുസ്‌ലിങ്ങൾക്ക് ശരിഅത്തിന് പകരം ഇന്ത്യൻ പിന്തുടർച്ചാവകാശനിയമം ബാധകമാക്കണമെന്ന ഈ ഹർജിയിലും നേരത്തേ സുപ്രീംകോടതി കേന്ദ്രത്തിന്റെ മറുപടിതേടിയിരുന്നു.