തിരുവനന്തപുരം: വാടകവീടിന്റെ ടെറസിൽ ഏജീസ് ഓഫീസിലെ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ കഞ്ചാവ് വളർത്തിയത് സമീപത്തെ പുരയിടത്തിൽ കള്ളുചെത്തുന്നവർ കണ്ടെത്തി. ചെത്തുതെങ്ങിന്റെ കണക്കെടുക്കാനെത്തിയ എക്സൈസ് സംഘത്തെ ഇവർ വിവരം അറിയിച്ചതോടെ രാജസ്ഥാൻ സ്വദേശിയായ ഉദ്യോഗസ്ഥൻ പിടിയിലായി.
കമലേശ്വരം ആര്യങ്കുഴി കൈരളിനഗർ കാർത്തികയിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി ജെതി(27)നെയാണ് എക്സൈസ് തിരുവനന്തപുരം സ്ക്വാഡ് പിടികൂടിയത്.
നാലുമാസം പ്രായവും 56 സെന്റീമീറ്ററോളം ഉയരവുമുള്ളതടക്കം അഞ്ച് കഞ്ചാവുചെടികളാണ് വീടിന്റെ ഒന്നാംനിലയിൽ വളർത്തിയിരുന്നത്. കഞ്ചാവിന്റെ വിത്തുകളും കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ തെളിവുകളും ജെതിന്റെ മുറിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ജെതിനും യുപി, ബിഹാർ സ്വദേശികളുമടക്കം മൂന്ന് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്.
ഇതിൽ ജെതിൻ താമസിക്കുന്ന മുറിക്കുമുന്നിൽനിന്നാണ് കഞ്ചാവുചെടികൾ കണ്ടെത്തിയത്. മറ്റ് രണ്ടുപേർക്കും ഇതിൽ പങ്കില്ലെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
വീടിനോടു ചേർന്നുള്ള ഒഴിഞ്ഞ പുരയിടത്തിലെ തെങ്ങുകളിൽനിന്ന് കള്ളുചെത്തുന്നുണ്ട്. തെങ്ങിന്റെ മുകളിൽ ചെത്താൻ കയറിയപ്പോഴാണ് തൊഴിലാളികൾ ചെടികൾ കണ്ടത്. താഴെനിന്നാൽ ചെടികൾ കാണാൻ കഴിയില്ല. വ്യാഴാഴ്ച എക്സൈസ് ഇവിടെ ചെത്താനുള്ള തെങ്ങുകൾ പരിശോധിക്കാൻ എത്തിയിരുന്നു. അപ്പോഴാണ് തങ്ങളുടെ സംശയം ചെത്തുകാർ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് എക്സൈസിന്റെ പരിശോധനയിൽ കഞ്ചാവുചെടികൾ തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു.
എക്സൈസ് സ്ക്വാഡ് സിഐ ഷാജഹാൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.