രാജ്യത്തെത്തന്നെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈയിലെ നാട്ടുകാരുടെ മാനസികാരോഗ്യം കഴിഞ്ഞ എട്ടുമാസത്തിനിടെ മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ്. എന്നാൽ, കാലാവസ്ഥയിലുണ്ടാവുന്ന മാറ്റത്തിനനുസരിച്ച് അടുത്ത ആറുമാസം കൂടുതൽ നിർണായകമാണെന്നാണ് വിലയിരുത്തൽ.
ഏറെ ഭീതിജനകവും സമ്മർദകരവുമായ ഒരു സംഭവത്തിന്റെ ഭാഗമാവുകയോ, സാക്ഷിയാവുകയോ ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന ഒരു മാനസികാരോഗ്യാവസ്ഥയായ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) ഇവിടത്തുകാർക്ക് രൂപപ്പെട്ടേക്കുമോ എന്നതാണ് നിലവിലുള്ള ആശങ്ക. സംഭവംനടന്ന് ആറുമുതൽ ഒരു വർഷംവരെയാകുമ്പോൾമാത്രം പുറത്ത് പ്രകടമാകുന്ന ഈ മാനസികാരോഗ്യാവസ്ഥയ്ക്ക് സാധ്യതയുള്ളവരാണ് ദുരന്തത്തിന്റെ ദൃക്സാക്ഷികളെന്ന് നേരത്തേ ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) വിദഗ്ധസംഘം വിലയിരുത്തിയിരുന്നു. അമ്മയും അച്ഛനും മക്കളും സഹോദരങ്ങളും ഉൾപ്പെടെ വളരെ അടുപ്പമുള്ളവർ കൺമുന്നിൽനിന്ന് ഉരുളിന്റെയും വെള്ളപ്പാച്ചിലിന്റെയും ഒപ്പം അപ്രത്യക്ഷമായതിന്റെ നീറ്റലാണ് ഇതിനു കാരണമെന്നാണ് വിദഗ്ധാഭിപ്രായം.
സ്വതവേ ആറുമാസംമാത്രം കഴിഞ്ഞ് രൂപപ്പെടുന്ന പിടിഎസ്ഡി സമാനമായ കാലാവസ്ഥകൂടി രൂപപ്പെടുമ്പോൾ വർധിക്കും. വേനൽമഴയാണ് നിലവിൽ വില്ലനായിവരുന്നതെങ്കിൽ രണ്ടു മാസം കഴിഞ്ഞാൽ കാലവർഷം തുടങ്ങും. ഒരു മഴപെയ്താൽ, മിന്നലടിച്ചാൽ, ഇടിവെട്ടിയാൽ പലരുടെയും മനസ്സ് ഇടറും. ഇതിന് ഏക പോംവഴി സാമൂഹികവത്കരണമാണ്. കൂടുതൽ ആളുകൾക്കിടയിലാകുമ്പോൾ ഇത്തരം വിഷമതകളുടെ വീര്യവും അനന്തരഫലങ്ങളും കുറയുമെന്നാണ് ശാസ്ത്രീയവിലയിരുത്തൽ.
സൈക്യാട്രിക് വിദഗ്ധർ നൽകുന്ന മരുന്നുകളും കൗൺസലിങ്ങുകളും വലിയതോതിൽ ആശ്വാസമേകും. ഇതിന് ശക്തമായ സംഘം മേപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ മനുഷ്യവിഭവശേഷി വിനിയോഗിച്ചാണ് 2800-ലേറെപ്പേരെ ചികിത്സിക്കുന്നത്. ഇതിന് പരിഹാരമുണ്ടാക്കാൻ കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകളുടെ ഇടപെടൽ ഈ ദുരന്തഭൂമിക്കാവശ്യമാണ്.
ദുരന്തത്തിനുശേഷം രാപകൽ വ്യത്യാസമില്ലാതെ വീടുകളിലെത്തി മാനസികാരോഗ്യ ശുശ്രൂഷ നൽകാൻ സൈക്യാട്രിസ്റ്റും കൗൺസിലറും നഴ്സും ഉൾപ്പെട്ട മൊബൈൽ സേവനം നിലവിലുണ്ട്. ഇതിനകം 12,000-ത്തിലേറെ കൗൺസലിങ് സെഷനുകൾ ഇവിടത്തുകാർക്ക് നൽകിക്കഴിഞ്ഞു. കഴിഞ്ഞദിവസംനടന്ന അവലോകനത്തിന്റെ അടിസ്ഥാനത്തിൽ മരുന്നുകഴിക്കേണ്ടിവരുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും മാനസികാരോഗ്യം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. പിടിഎസ്ഡിയുടെ ഭീഷണികൂടി കടന്നാൽ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്കെത്തുമെന്നാണ് വിലയിരുത്തൽ. ഇതിനിടയിലുള്ള കാലത്തേക്ക് പ്രത്യേകസംവിധാനം സർക്കാർ ഒരുക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.