ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടയില്‍ വഖഫ് ബില്‍ ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12-ന് അവതരിപ്പിക്കുന്ന ബില്‍ എട്ടുമണിക്കൂര്‍ ചര്‍ച്ചചെയ്യും. ചര്‍ച്ചയ്ക്ക് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു മറുപടി പറയും. രാത്രി എട്ടോടെ ബില്ലില്‍ തീരുമാനമാകും.
ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ചൊവ്വാഴ്ച വൈകീട്ടുചേര്‍ന്ന ഇന്ത്യസഖ്യം നേതാക്കളുടെ യോഗം തീരുമാനിച്ചു. വോട്ടെടുപ്പും ആവശ്യപ്പെടും. വഖഫ് ബില്‍ അവതരണവേളയിലും ചര്‍ച്ചയിലും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് അംഗങ്ങള്‍ക്ക് പാര്‍ട്ടികള്‍ വിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാജ്യസഭയും ബില്‍ പരിഗണിക്കും.
ചൊവ്വാഴ്ച ചേര്‍ന്ന ലോക്സഭയുടെ കാര്യോപദേശകസമിതി യോഗത്തിലാണ് ബില്‍ അവതരണവും ചര്‍ച്ചാസമയവും നിശ്ചയിച്ചത്. 12 മണിക്കൂര്‍ ചര്‍ച്ചവേണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. മണിപ്പുര്‍പ്രശ്‌നവും വോട്ടര്‍കാര്‍ഡിലെ ക്രമക്കേടുകളും ചര്‍ച്ചചെയ്യണമെന്നും ആവശ്യമുയര്‍ത്തി. എന്നാല്‍, സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് യോഗത്തില്‍നിന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.
2024 ഓഗസ്റ്റില്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ(ജെപിസി) ഭേദഗതികള്‍കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ബില്ലാണ് ബുധനാഴ്ച ലോക്സഭ പരിഗണിക്കുന്നത്.
ബില്ലില്‍ രാഷ്ട്രീയ യുദ്ധം
ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ അനുകൂലധ്രുവീകരണം ലക്ഷ്യമിട്ട് ബില്ലുമായി മുന്നോട്ടുപോകാനുള്ള ഉറച്ച നിലപാടിലാണ് ബിജെപി. ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് ഇന്ത്യസഖ്യത്തിന്റെ തീരുമാനം. അതേസമയം, എന്‍ഡിഎ ഘടകക്ഷികളായ ടിഡിപി, ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി എന്നിവര്‍ക്ക് ആശങ്കയുണ്ട്. ബിഹാര്‍ തിരിഞ്ഞെടുപ്പില്‍ മുസ്ലിംപിന്തുണ ചോരുമോയെന്ന ഭയമാണ് ജെഡിയുവിന്. ഇഫ്താര്‍വിരുന്നുകള്‍ ബഹിഷ്‌കരിച്ച് പ്രമുഖ മുസ്ലിംസംഘടനകള്‍ സൃഷ്ടിച്ച സമ്മര്‍ദം മുന്നറിയിപ്പായി ജെഡിയുവും ടിഡിപിയും കാണുന്നു.
വോട്ടിങ്ങിന് ഇന്ത്യസഖ്യം; കേരളാ കോണ്‍ഗ്രസ് തീരുമാനം ഇന്ന്
വഖഫ് ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കാന്‍ ഇന്ത്യ സഖ്യകക്ഷികളുടെ യോഗം തീരുമാനിച്ചു. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് അനക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ് തീരുമാനം. വഖഫ് ബില്ലില്‍ ലോക്സഭയില്‍ ബുധനാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനും ദോഷകരങ്ങളായ എല്ലാ ഭേദഗതികളിലും വോട്ടിങ് തേടാനും യോഗം തീരുമാനിച്ചു. ഏതൊക്കെ ഭേദഗതിയില്‍ വോട്ടിങ് ആവശ്യപ്പെടണമെന്ന് സഭയില്‍ തീരുമാനമെടുക്കും. വഖഫ് ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് യോഗത്തിനുശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മുനമ്പമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മറ്റു പരിഹാരമാര്‍ഗങ്ങള്‍ തേടണമെന്ന് പിന്നീട് നടന്ന യുഡിഎഫ് എംപിമാരുടെ യോഗം തീരുമാനിച്ചു. അതേസമയം, കേരള കോണ്‍ഗ്രസ് എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവര്‍ മുനമ്പമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനുകൂലിച്ച് സംസാരിച്ചേക്കുമെന്ന സൂചനയുണ്ട്. വോട്ടിങ്ങില്‍ എന്തു ചെയ്യണമെന്ന കാര്യത്തിലും ഇവര്‍ ബുധനാഴ്ച തീരുമാനമെടുക്കും.
കോണ്‍ഗ്രസിലെ ചില ക്രിസ്ത്യന്‍ എംപിമാര്‍ക്ക് കെസിബിസിയടക്കമുള്ളവരുടെ നിലപാടുകളെ എതിര്‍ത്ത് വോട്ടു ചെയ്യാന്‍ വിമുഖതയുണ്ട്. സഭയില്‍ ഹാജരാകാന്‍ എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വോട്ടിങ്ങിന് വിപ്പ് നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്‍. ബാലു, തിരുച്ചി ശിവ, കനിമൊഴി (ഡിഎംകെ),ജോണ്‍ ബ്രിട്ടാസ് (സിപിഎം), പി. സന്തോഷ് കുമാര്‍ (സിപിഐ), എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍എസ്പി), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ്), വൈക്കോ (എംഡിഎംകെ) തുടങ്ങിയവര്‍ പങ്കെടുത്തു.
അവധിക്ക് അവധി
ലോക്സഭാസ്പീക്കര്‍ക്ക് അവധിക്കപേക്ഷ നല്‍കി പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി മധുരയിലെത്തിയ നാല് സിപിഎം ലോക്സഭാംഗങ്ങളും ബുധനാഴ്ച ഡല്‍ഹിയിലെത്തി വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണിത്. വ്യാഴാഴ്ച ഇവര്‍ മധുരയിലേക്കുമടങ്ങും. കെ. രാധാകൃഷ്ണനുപുറമേ അമ്രാ റാം, എസ്. വെങ്കിടേശന്‍, ആര്‍. സച്ചിദാനന്ദം എന്നിവരാണിത്.
പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കാനായി ചൊവ്വാഴ്ചമുതല്‍ വ്യാഴാഴ്ചവരെ അവധിക്കപേക്ഷിച്ച് സിപിഎം കക്ഷിനേതാവ് കെ. രാധാകൃഷ്ണനാണ് ചൊവ്വാഴ്ച രാവിലെ സ്പീക്കര്‍ക്ക് കത്തുനല്‍കിയത്. ബില്‍ പരിഗണനയ്‌ക്കെത്തുമ്പോള്‍ തങ്ങള്‍ സഭയിലുണ്ടാകില്ലെങ്കിലും ബില്ലില്‍ ശക്തമായ എതിര്‍പ്പുണ്ടെന്ന് കത്തില്‍ പറഞ്ഞു. അതിനിടെ, പാര്‍ട്ടിഭേദമില്ലാതെ എല്ലാ എംപിമാരും വഖഫ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.