തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സ്വർണമാല നഷ്ടപ്പെട്ടതായി കൂട്ടപ്പരാതി. തിരുവനന്തപുരം ഫോർട്, വഞ്ചിയൂർ , തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിലാണ് 15 ഓളം സ്ത്രീകൾ മാല നഷ്ടപ്പെട്ടെന്ന് പരാതി നൽകിയത്. പിന്നാലെ ഫോർട് പൊലീസ് നടത്തിയ അന്വേഷണത്തിൽ 2 പേരെ പിടികൂടി. ഇവരിൽ നിന്ന് രണ്ട് സ്വർണമാല കണ്ടെത്തിയിട്ടുണ്ട്. അതേസമയം എല്ലാ സംഭവവും മോഷണമാണോയെന്ന് വ്യക്തമായിട്ടില്ല.
പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്ത സ്ത്രീകളാണ് പിന്നീട് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇവരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്.