ചാരുംമൂട് (ആലപ്പുഴ): പാഴ്സലില്‍ ഗ്രേവി കുറഞ്ഞെന്നാരോപിച്ച് താമരക്കുളം ബുഖാരി ഹോട്ടല്‍ ഉടമയായ റജില, മരുമകന്‍ ഉവൈസ്, സഹോദരന്‍ അസ്ലം എന്നിവരെ മര്‍ദിക്കുകയും ഹോട്ടലിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. വള്ളികുന്നം പള്ളിമുക്ക് അനീഷ് ഭവനത്തില്‍ അനൂപ് (28), വള്ളികുന്നം പുത്തന്‍ചന്ത ലക്ഷ്മിഭവനത്തില്‍ വിഷ്ണു (24), വള്ളികുന്നം കടുവിനാല്‍ വരമ്പത്താനത്ത് ഷിജിന്‍ (21) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് ഹോട്ടലില്‍ അതിക്രമമുണ്ടായത്. വൈകീട്ട് അഞ്ചോടെ സ്‌കൂട്ടറില്‍ ഹോട്ടലിലെത്തിയ സംഘം പൊറോട്ട, ബീഫ്ഫ്രൈ, ഗ്രേവി എന്നിവ ഉള്‍പ്പെടുന്ന പാഴ്സല്‍ വാങ്ങിപ്പോയി. ആറോടെ തിരികെവന്ന സംഘം കടയില്‍ക്കയറി അക്രമം നടത്തുകയായിരുന്നു. ഉവൈസിനെ ചട്ടുകം ഉപയോഗിച്ച് തലയ്ക്കും ശരീരത്തും മര്‍ദിച്ചു. പിടിച്ചുമാറ്റാന്‍ വന്ന അസ്ലമിനെ ക്രൂരമായി മര്‍ദിച്ചു. കടയുടെ മുന്‍വശത്തെ കൗണ്ടറിന്റെ ചില്ലുള്‍പ്പെടെ അടിച്ചുപൊട്ടിച്ചു. അക്രമത്തിനുശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതികളെ മാവേലിക്കര ഭാഗത്തുനിന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. വള്ളികുന്നം സ്റ്റേഷന്‍പരിധിയില്‍ കൊലപാതകശ്രമം, വീടുകയറി അക്രമം തുടങ്ങിയ കേസുകളിലെയും പ്രതികളാണ് ഇവരെന്നു പോലീസ് പറഞ്ഞു.
എസ്എച്ച്ഒ എസ്. ശ്രീകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്. നിതീഷ്, അനില്‍, എസ്സിപിഒ മാരായ രാധാകൃഷ്ണന്‍ ആചാരി, ശരത്ത്, രജീഷ്, അനി, സന്തോഷ് മാത്യു, സിപിഒ മാരായ വിഷ്ണു വിജയന്‍, മനുകുമാര്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.