ദില്ലി മദ്യനയവുമായി ബന്ധപ്പട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രവീന്ദര്‍ ദുദേജയുടെ ബെഞ്ച് ആയിരിക്കും ഹര്‍ജി പരിഗണിക്കുന്നത്. അഴിമതിയുടെ മുഖ്യസൂത്രധാരന്‍ കേജ്രിവാള്‍ ആണെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റാരോപിതര്‍ക്കെല്ലാം ജാമ്യം ലഭിച്ചു എന്നും അതിനാല്‍ ജാമ്യം നിലനില്‍ക്കും എന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ വാദിച്ചത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 20നാണ് വിചാരണ കോടതി കെജ്‌രിവാളിന് ജാമ്യം നല്‍കിയത്.
മുന്‍ മുഖ്യമന്ത്രിയും എഎപി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ് തുടങ്ങി എഎപിയുടെ മുന്‍ നിര നേതാക്കളുടെ അറസ്റ്റിലേക്ക് നയിച്ച മദ്യനയ കേസില്‍ എഎപിക്ക് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.