തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻറെ ജയിൽമോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്കുമാർ ഇടപെട്ടെന്ന് ജ്യോതികുമാർ ചാമക്കാല. പ്രമുഖ ചാനൽ ചർച്ചയിലാണ് ജ്യോതികുമാർ ചാമക്കാല ഗുരുതര ആരോപണം ഉന്നയിച്ചത്. ഗണേഷിന്റെ അനുയായി കോട്ടാത്തല പ്രദീപും മോചനത്തിനായി ഇടപെട്ടുവെന്നും പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനിൽ പോയിട്ടുണ്ട്.
പറഞ്ഞത് തെറ്റാണെങ്കിൽ തനിക്കെതിരെ കേസെടുക്കട്ടെയെന്നും ജ്യോതികുമാർ ചാനൽ ചർച്ചയിൽ തുറന്നടിച്ചിരുന്നു.2009 ലാണ് ഭർത്താവിൻറെ അച്ഛനായ ഭാസ്ക്കര കാരണവരെ കൊന്ന കേസിൽ ഷെറിൻ പിടിയിലാകുന്നത്. മരുമകൾ ഷെറിൻ , അവരുടെ സുഹൃത്തുക്കളായ ബിബീഷ്, നിഥിൻ, ഷാനു റഷീദ് എന്നിവരും കൂട്ടു പ്രതികളായി. കൊലപാതകം, ഗൂഢാലോചന, കുറ്റംചെയ്യാൻ പ്രേരിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, കവർച്ച , ദേഹോപദ്രവം എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് പ്രതികളെ 2010 ൽ കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം സെൻട്രൽ ജയിൽ 14 വർഷം തടവ് പൂർത്തിയാക്കിയതിനെ തുടർന്ന് ഷെറിന് ശിക്ഷാ ഇളവ് നൽകാൻ ജയിൽ ഉപദേശക സമിതിയും ജയിൽമേധാവിയും ശുപാർശ ചെയ്യുകയായിരുന്നു.
മന്ത്രിസഭ ഇത് അംഗീകരിച്ചു.മന്ത്രിസഭയുടെ തീരുമാനം ഗവർണർ അംഗീകരിച്ചാലെ ജയിൽമോചനത്തിനുള്ള നടപടികൾ തുടങ്ങാനാവൂ. 35 വർഷം ന്യൂയോർക്കിൽ ജോലിചെയ്ത ഭാസ്ക്കര കാരണവരുടെ ഇളയമകനായ ബിനുവിന്റെ ഭാര്യയായിരുന്നു പത്തനാപുരം സ്വദേശിനിയായ ഷെറിൻ.

