നോയിഡ: പൂര്‍ത്തിയാവാനായെങ്കിലും നോയിഡ എയര്‍പോര്‍ട്ടില്‍ എങ്ങനെയെത്തും എന്ന ആശങ്കയില്‍ യാത്രക്കാര്‍. നോയിഡ വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യ വികസനം എങ്ങുമെത്തിയിട്ടില്ല എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നിര്‍മാണം നാല് മാസത്തിനകം പൂര്‍ത്തിയാകും എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ എങ്ങനെ യാത്രക്കാര്‍ ഈ വിമാനത്താവളത്തിലേക്ക് എത്തിച്ചേരും എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. വളരെ പരിമിതമായ പൊതുഗതാഗത സംവിധാനങ്ങളേ നോയിഡ വിമാനത്താവളത്തിലേക്ക് ഇപ്പോഴുള്ളൂ. റെയില്‍, ബസ് സൗകര്യം വര്‍ധിപ്പിക്കാതെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തെ വിജയിപ്പിക്കാനാവില്ല എന്നാണ് ഉയരുന്ന വിമര്‍ശനം. ദില്ലി എന്‍സിആറിന്‍റെ വികസനത്തില്‍ നിര്‍ണായകമാകുമെന്ന് കരുതുന്ന വിമാനത്താവളമാണ് പരിമിതമായ കണക്റ്റിവിറ്റി സൗകര്യത്തില്‍ വീര്‍പ്പുമുട്ടാന്‍ പോകുന്നത്.
പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ വര്‍ഷം തന്നെ 50-60 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളുക എന്ന സ്വപ്നവുമായാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം തയ്യാറാകുന്നത്. എന്നാല്‍ ഇതിന് മതിയായ യാത്രാ സൗകര്യങ്ങള്‍ വിമാനത്താവളത്തിലേക്ക് അനിവാര്യമാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെയും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെയും ചുരുക്കം ബസുകള്‍ മാത്രമാണ് വിമാനത്താവളത്തിന്‍റെ പരിസരത്തേക്ക് നിലവിലുള്ളത്. ഇലക്ട്രിക് എയര്‍പോര്‍ട്ട് ടാക്സി സര്‍വീസും സിറ്റി ബസ് സംവിധാനവും ആരംഭിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആലോചിക്കുന്നു. വിമാനത്താവളത്തെ ബന്ധിപ്പിക്കാന്‍ 72 കിലോമീറ്റര്‍ റെയില്‍ കോറിഡോറിനും, മെട്രോ ലൈനിനും ആലോചനയുണ്ടെങ്കിലും പദ്ധതി ആസൂത്രണ ഘട്ടത്തില്‍ തന്നെയാണുള്ളത്. 2030ന് മുമ്പ് ഈ റെയില്‍ കണക്റ്റിവിറ്റി സൗകര്യം പൂര്‍ത്തിയാവാന്‍ യാതൊരു സാധ്യതയുമില്ല.