തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഇന്നും നാളെയും തെക്കൻ, മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഉയർന്ന താപനില: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
ഉയർന്ന താപനിലയുള്ള സ്ഥലങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ സംഭവിക്കാം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഉയർന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, കഠിനമായ ക്ഷീണം എന്നിവ അനുഭവപ്പെട്ടാൽ ചികിത്സ തേടണം.

