കാണാതായ സൈനികനെ ബെംഗളൂരുവിൽ കണ്ടെത്തി


കോഴിക്കോട്: അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടശേഷം കാണാതായ സൈനികൻ എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി വിഷ്ണുവിനെ (30) ബെംഗളൂരുവിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിവൈകി ബെംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനുസമീപം വെച്ചാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തിയത്. ജനുവരിയിൽ വിഷ്ണുവിന്റെ വിവാഹമുറപ്പിച്ചിരുന്നു.

സാമ്പത്തികപ്രയാസം കാരണമാണ് നാട്ടിൽനിന്ന് മാറിനിൽക്കേണ്ടിവന്നതെന്ന് പോലീസ് പറഞ്ഞു. വിഷ്ണുവിനെ ബുധനാഴ്ച നാട്ടിലെത്തിക്കും.
പുണെ ആർമി സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്യുന്ന ബോക്സിങ് താരം കൂടിയായ വിഷ്ണുവിനെ ഡിസംബർ 17-ന് പുലർച്ചെ മുതലാണ് കാണാതായത്. ലീവിന് നാട്ടിലേക്കുവരുന്നുണ്ടെന്ന് ഡിസംബർ 16-ന് അമ്മയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. 17-ന് കണ്ണൂരിലെത്തിയതായി വാട്സാപ്പ് സന്ദേശം കൈമാറുകയും ചെയ്തു.രാത്രിയായിട്ടും വീട്ടിലെത്താതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതിനൽകിയത്.
എലത്തൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അതുൽകുമാർ, സിവിൽ പോലീസ് ഓഫീസർ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് വിഷ്ണുവിനെ കണ്ടെത്തിയത്.
മൊബൈൽ സ്വിച്ച് ഓഫായിരുന്നതിനാൽ സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
പരാതിയെത്തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണന്റെ മേൽനോട്ടത്തിൽ സൈബർസെൽ വിദഗ്ധരടങ്ങിയ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال