ദമാം: കേരളത്തില്‍നിന്നും കര്‍ണാടകയിനിന്നുമുള്ള ഉംറ തീര്‍ത്ഥാടകരെ ഉപേക്ഷിച്ച് ഏജന്റ് മുങ്ങിയതിനെ തുടര്‍ന്ന് 168 തീര്‍ഥാടകര്‍ സൗദിയില്‍ കുടുങ്ങി. മംഗലാപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഉംറ സര്‍വീസിന് സ്ഥാപനത്തിന് കീഴില്‍ ഡിസംബര്‍ 15ന് ജിദ്ദയില്‍ എത്തിയതായിരുന്നു തീര്‍ത്ഥാടകര്‍.
മക്കയില്‍ ഉംറ നിര്‍വഹിച്ചശേഷം മദീന സന്ദര്‍ശനത്തിന് വേണ്ടി എത്തിച്ചപ്പോഴാണ് ഇവരുടെ സേവനത്തിനായി നേതൃത്വം നല്‍കിയ ആള്‍(അമീര്‍) മദീനയില്‍ ഇവര്‍ക്ക് വിവിധ ഹോട്ടലുകളില്‍ താമസത്തിനു സജ്ജമാക്കി അപ്രത്യക്ഷമായത്. ഡിസംബര്‍ 26, 27 തീയതികളില്‍ മടങ്ങേണ്ടതായിരുന്നുവെങ്കിലും ഉംറ സംഘത്തെ ഉപേക്ഷിച്ചു ഏജന്റ് മുങ്ങുകയായിരുന്നു.
മദീനയില്‍ തീര്‍ത്ഥാടകരുടെ വിമാനടിക്കറ്റും ഹോട്ടല്‍ ബില്ലുകളും അഷ്‌റഫ് സഖാഫി നല്‍യില്ലെന്നാണ് പരാതി. ഡിസംബര്‍ 26ന് ഇയാള്‍ തീര്‍ത്ഥാടകരെ ഉപേക്ഷിച്ചു നാട്ടിലേക്കു കടന്നു കളഞ്ഞു. ഹോട്ടല്‍ ബില്‍ അടക്കാഞ്ഞതിനാല്‍ പ്രായമായവരും രോഗികളും സ്ത്രീകളും അടങ്ങുന്ന ഉംറ സംഘം ഭക്ഷണം കിട്ടാതെ വലഞ്ഞു. പരാതിപ്പെട്ടതനുസരിച്ചു ഉംറ വിസ ഇഷ്യൂ ചെയ്ത മുതവിഫ്(സൗദിയിലെ അംഗീകൃത ഉംറ സേവന സ്ഥാപനം) ഇടപെട്ടു രണ്ടു ദിവസത്തെ ഭക്ഷണ, താമസ സൗകര്യവും വിമാനടിക്കറ്റും നല്‍കി.
എന്നാല്‍ മദീനയില്‍ നിന്നും കൃത്യസമയത്തു തീര്‍ത്ഥാടകരെ ദമ്മാം വിമാനത്താവളത്തില്‍ എത്തിക്കാത്തതിനാല്‍ ദമ്മാമില്‍ നിന്നുള്ള വിമാനം നഷ്ട്ടപ്പെടുന്ന അവസ്ഥയും തീര്‍ത്ഥാടകര്‍ക്കുണ്ടായി. തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ വിവരമറിഞ്ഞു ഇടപെട്ടു. ഏജന്റിന്റെ നിരുത്തരവാദപരമായ സമീപനമാണ് ദുരിതത്തിലാകാന്‍ കാരണം എന്നാണ് ഉംറ തീര്‍ത്ഥാടകര്‍ പറഞ്ഞത്.