മണിപ്പുർ കലാപം: കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ സ്ഥിതിവിവര കണക്ക് തേടി സുപ്രീം കോടതി


ന്യൂഡൽഹി: മണിപ്പുർ കലാപത്തിൽ കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ സ്ഥിതിവിവര കണക്ക് തേടി സുപ്രീം കോടതി. പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും മണിപ്പുർ സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബഞ്ചിന്റെയാണ് നിർദേശം.

കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ എല്ലാ വിശദാംശങ്ങളും വേണമെന്നും ഇത് മുദ്രവച്ച കവറിൽ ലഭ്യമാക്കണമെന്നും മണിപ്പുർ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ബഞ്ച് നിർദേശിച്ചു. അക്രമം തടയുന്നതിനും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നതിനുമാണ് സംസ്ഥാനത്തിൻ്റെ പ്രഥമ പരിഗണനയെന്നും മേത്ത കോടതിയിൽ വ്യക്തമാക്കി. വിശദാംശങ്ങൾ ഫയൽ ചെയ്യാമെന്നും മേത്ത പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ പുനരധിവാസം നിരീക്ഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ഗീതാ മിത്തൽ സമിതി സുപ്രീംകോടതിക്ക് 34 ഓളം റിപ്പോർട്ടുകൾ കൈമാറിയതായി സമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വ്യക്തമാക്കി. കേസിന്റെ വിശദമായ വാദം 2025 ജനുവരി 20ന് കേൾക്കാൻ കോടതി പട്ടികപ്പെടുത്തി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال