മുംബൈ: അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയ് സംഘം കൊലപ്പെടുത്താന്‍ ആദ്യം ലക്ഷ്യമിട്ടത് ബോളിവുഡ് താരം സല്‍മാന്‍ ഖാനെയാണെന്ന് മുംബൈ പോലീസ്. എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ വധത്തിനുപിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തതില്‍നിന്നാണ് നിര്‍ണായകവിവരം ലഭിച്ചതെന്ന് മുംബൈ ക്രൈംബ്രാഞ്ച് പറഞ്ഞു.
ആദ്യം സല്‍മാനെ വധിക്കാനാണ് വാടകക്കൊലയാളികള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, നടന്റെ സുരക്ഷ മറികടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ശ്രദ്ധ ബാബ സിദ്ദിഖിയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബര്‍ 12-ന് ബാന്ദ്രയില്‍ മകന്‍ സീഷന്‍ സിദ്ദിഖിയുടെ ഓഫീസിന് പുറത്തുവെച്ചാണ് ബാബ സിദ്ദിഖി വെടിയേറ്റുമരിച്ചത്. സീഷനും ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ആക്രമണത്തിന് മിനിറ്റുകള്‍മുന്‍പ് പുറത്തുപോയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്‌ണോയിയും സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയും ഏറ്റെടുത്തിരുന്നു. വധഭീഷണിക്കു പിന്നാലെ സല്‍മാന്‍ ഖാന്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
ഒരാള്‍ അറസ്റ്റില്‍
അതിനിടെ, സല്‍മാന്റെ പുതിയചിത്രത്തിന്റെ സെറ്റില്‍ പ്രവേശിച്ച് ജയിലില്‍ക്കഴിയുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ അംഗരക്ഷകനെ ഭീഷണിപ്പെടുത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. ശിവാജി പാര്‍ക്ക് പ്രദേശത്തെ സെറ്റില്‍ അപ്പോള്‍ സല്‍മാന്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതി സെറ്റിലേക്ക് കയറുമ്പോള്‍ അംഗരക്ഷകന്‍ തടയുകയും തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ ബിഷ്‌ണോയിയുടെ പേരുപറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. ശിവാജി പാര്‍ക്ക് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയും അംഗരക്ഷകനും പരിചയക്കാരാണെന്നും അവര്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.