മുംബൈ: രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെല്ലിന്റെ എഐ സ്പാം തിരിച്ചറിയൽ സംവിധാനം വൻ വിജയമെന്ന് കമ്പനി. അവതരിപ്പിച്ച് രണ്ടര മാസത്തിനിടെ 800 കോടി സ്പാം കോളുകളും 80 കോടി സ്പാം എസ്എംഎസുകളും കണ്ടെത്താൻ ഈ സംവിധാനത്തിനായി എന്ന് എയർടെൽ പറയുന്നു. ദിവസവും 10 ലക്ഷം തനതായ സ്പാമർമാരേയും എയർടെല്ലിന്റെ എഐ സ്പാം ഡിറ്റക്ഷൻ സംവിധാനം തിരിച്ചറിഞ്ഞു.

പ്രവൃത്തിദിവസങ്ങളേക്കാൾ 40 ശതമാനം കുറവ് സ്പാം കോളുകളാണ് വാരാന്ത്യങ്ങളിൽ ലഭിക്കുന്നത്. സ്പാം നമ്പരുകളിൽ നിന്നും കോളുകൾ വരുമ്പോൾ അത് അറ്റൻഡ് ചെയ്യുന്നതിൽ 12 ശതമാനം കുറവ് വന്നിട്ടുണ്ട്. ഭാരതി എയർടെല്ലിന്റെ 92 ശതമാനം ഉപഭോക്താക്കളും ഒരിക്കലെങ്കിലും കമ്പനി ഫോണുകളിൽ നൽകുന്ന തത്സമയ സ്പാം മുന്നറിയിപ്പുകൾ കണ്ടിട്ടുള്ളവരാണ്. 36 മുതൽ 60 വയസ് വരെ പ്രായമുള്ളവർക്കാണ് ഏറ്റവും കൂടുതൽ സ്പാം കോളുകളും എസ്എംഎസുകളും ലഭിക്കുന്നത് എന്നും എയർടെൽ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
സ്പാം ഏറ്റവും കൂടുതൽ ലഭിക്കുന്നത് പുരുഷൻമാർക്കാണെന്ന് എയർടെല്ലിന്റെ ഡാറ്റ കാണിക്കുന്നു. സ്പാം ലഭിക്കുന്നതിൽ 71 ശതമാനം പേർ പുരുഷൻമാരാണ്. സ്ത്രീകൾ 21 ശതമാനം മാത്രമാണ്. സ്പാം കോളുകളും മെസേജുകളും ലഭിക്കുന്നതിൽ 45 ശതമാനവും 10,000 രൂപ വരെ വിലയുള്ള ബജറ്റ് ഫോണുകളിലാണ്. ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഫോണുകളിൽ 20 ശതമാനം സ്പാമുകൾ ലഭിക്കുമ്പോൾ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ വിലവരുന്ന മിഡ്-റേഞ്ച് ഫോണുകളിലേക്ക് 35 ശതമാനം സ്പാമുകൾ ലഭിച്ചതായും എയർടെൽ വിശദീകരിക്കുന്നു.
35% സ്പാമർമാരും ലാൻഡ്ലൈനുകളാണ് സ്പാമിങ്ങിനായി ഉപയോഗിക്കുന്നത് എന്ന നിരീക്ഷവും എയർടെൽ പങ്കുവെക്കുന്നു. ഡൽഹി, മുംബൈ, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മൊബൈലിൽ നിന്നുള്ള സ്പാം കോളുകളുടെ കണക്കിൽ വളരെ മുന്നിലാണെന്ന് ഭാരതി എയർടെല്ലിന്റെ എഐ അധിഷ്ഠിത സ്പാം കണ്ടെത്തൽ സംവിധാനത്തിലെ ഡാറ്റകൾ സൂചിപ്പിക്കുന്നു.
