ന്യൂഡൽഹി: ജമ്മു കശ്മീരിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി. ജമ്മുവിലെ ദോഡ മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ മെഹ്റാജ് മാലിക് 4500-ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
ബി.ജെ.പിയുടെ ഗജയ് സിങ് റാണയും നാഷണൽ കോൺഫറൻസിന്റെ ഖാലിദ് നജീപ് സുഹർവാർഡിയുമായിരുന്നു എതിരാളികൾ. 2014-ൽ ബിജെപിയുടെ കൈയിലുണ്ടായിരുന്ന മണ്ഡലമാണ് ദോഡ.
2020-ൽ ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിൽ (ഡിസിസി) തിരഞ്ഞെടുപ്പിൽ ജയിച്ച മെഹ്റാജ് മാലിക്, കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറുടെ കീഴിലുള്ള ഭരണത്തെ ശക്തമായി വിമർശിച്ച് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ദോഡ മണ്ഡലത്തിൽ ജയിച്ച മെഹ്റാജ് മാലിക്കിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിൽ ആം ആദ്മി പാർട്ടി സാന്നിധ്യമുറപ്പിച്ചുവെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
അതേസമയം ഹരിയാണയിൽ ആം ആദ്മി പാർട്ടിയുടെ തന്ത്രങ്ങളൊന്നും തന്നെ ഫലം കണ്ടില്ല. ശക്തമായ പ്രചാരണം നടത്തിയിട്ടും ഹരിയാണയിൽ എഎപി സംപൂജ്യരായ. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് എ.എ.പി. ഹരിയാണയിൽ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.