കൽപറ്റ: വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ ദുരൂഹമരണത്തിൽ നടപടി നേരിട്ട പൂക്കോട് വെറ്ററിനറി കോളജ് മുൻ ഡീൻ ഡോ. എം.കെ.നാരായണൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനായിരുന്ന ഡോ.ആർ.കാന്തനാഥൻ എന്നിവർക്കു നിയമസഹായത്തിനായി സിപിഎം അനുകൂല അധ്യാപക സംഘടനയുടെ പണപ്പിരിവെന്ന് റിപ്പോർട്ട്.
കോളജ് ക്യാംപസിൽ അതിക്രൂര റാഗിങ്ങിന് ഇരയായി ദുരൂഹസാഹചര്യത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടേണ്ടി വന്നവർക്കായി പണപ്പിരിവ് നടത്തുന്നതിനെതിരെ സംഘടനയിലെ അംഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്. അധ്യാപകർ 2000 രൂപ വീതം നൽകണമെന്നാണു തീരുമാനം.
വെറ്ററിനറി സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനയായ ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി കേരള (ടിഒവിയുകെ)യുടെ നേതൃത്വത്തിലാണു പിരിവ്.

