മുംബൈ: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനമറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അനന്തമായ ഉൾക്കാഴ്ചയുണ്ടായിരുന്ന വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ബിസിനസിലും മനുഷ്യ സ്‌നേഹത്തിലും അദ്ദേഹം മുദ്രപതിപ്പിച്ചുവെന്നും രാഹുൽ ഗാന്ധി സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ച രത്തൻ ടാറ്റയുടെ മരണം അൽപ സമയം മുൻപ് മുംബൈയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ നാല് ദിവസമായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാൽ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രത്തൻ ടാറ്റ കഴിഞ്ഞിരുന്നത്.
