തിരുവനന്തപുരം: കേരളത്തിന്റെ പൊതുകടം 2.52 ലക്ഷം കോടിയായെന്ന് സി.എ.ജി. റിപ്പോർട്ട്. കടം കൂടിവരുന്ന പ്രവണത ഭാവിയിൽ കടത്തിന്റെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും സി.എ.ജി. പറയുന്നു. 2023-ൽ സംസ്ഥാനം കടമെടുത്തതിന്റെ 97.88 ശതമാനവും മുമ്പെടുത്ത കടങ്ങൾ തിരിച്ചടയ്ക്കാനാണ് ചെലവിട്ടതെന്നും സി.എ.ജി. നിരീക്ഷിച്ചു.
2018 മുതൽ 2023 വരെ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള 94,271.83 കോടിയാണ് കൂടിയത്. 2022-23 സാമ്പത്തികവർഷം കിഫ്ബി 5109.24 കോടിയും ക്ഷേമപെൻഷൻ കമ്പനി 2949.67 കോടിയും വായ്പയെടുത്തു. ഈ 8058.91 കോടിയും ബജറ്റിന് പുറത്താണെന്ന് സി.എ.ജി. ആവർത്തിച്ചു.
സി.എ.ജി.യുടെ ഈ പരാമർശങ്ങൾ 2019-ൽതന്നെ നിയമസഭ തള്ളിയതാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിയോജനക്കുറിപ്പോടെയാണ് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചത്. കേരളത്തിലെ ദാരിദ്ര്യം ഒരു ശതമാനത്തിന് താഴെയായി നിലനിർത്തുന്നതിന് ക്ഷേമപെൻഷൻ വഹിക്കുന്ന പങ്ക് സി.എ.ജി കാണുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
2018 മുതൽ അഞ്ചുവർഷം കടമെടുത്ത പണത്തിൽ വിവിധ വർഷങ്ങളിൽ 76 ശതമാനംമുതൽ 98 ശതമാനംവരെ കടം തിരിച്ചടയ്ക്കാനും പലിശ അടയ്ക്കാനും ഉപയോഗിച്ചു. ആസ്തിവികസനത്തിന് ചെലവിട്ടത് 2.12 ശതമാനം മാത്രമാണ്. ആകെ കടത്തിൽ 1.36 ലക്ഷം കോടിരൂപ (54.08 ശതമാനം) അടുത്ത ഏഴുവർഷത്തിൽ തിരിച്ചടയ്ക്കണം.

