തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിയിൽ വിശദ റിപ്പോർട്ട് തേടി സർക്കാർ.അഡീഷണൽ സെക്രട്ടറി വിശ്വനാഥ് സിൻഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങൾ തേടി. വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്നാണ് ജല അതോറിറ്റിയുടെ റിപ്പോർട്ട്.

പ്രതിസന്ധി പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്ന് ജല അതോറിറ്റി ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 5 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ നോട്ടക്കുറവ് ഉണ്ടായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
പുതുതായി സ്ഥാപിക്കേണ്ട പൈപ്പ് നിർദേശിക്കുന്ന ആഴത്തിൽ കുഴിച്ചിട്ട ശേഷമാണ് പമ്പിൽ നിർത്തേണ്ടത്. എന്നാൽ പണി ആരംഭിക്കുമ്പോൾ തന്നെ പമ്പിങ് നിർത്തിവച്ചു. പൈപ്പ് സ്ഥാപിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടായില്ല. പൈപ്പ് സ്ഥാപിച്ച് പമ്പിങ് പുനസ്ഥാപിച്ചപ്പോൾ ചോർച്ച കണ്ടെത്തിയതിന് തുടർന്ന് വീണ്ടും പമ്പിങ് നിർത്തേണ്ടിവന്നു. മേൽനോട്ടം നടത്തേണ്ട ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് തടസ്സമായെന്നും ജലവിതരണം നടത്തണമെന്ന് കോർപ്പറേഷനോട് ആവശ്യപ്പെടാത്തത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദ അന്വേഷണത്തിന് ടെക്‌നിക്കൽ മെമ്പറേ ചുമതലപ്പെടുത്താനും റിപ്പോർട്ടിൽ നിർദേശിച്ചു.
