ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ, റെയില്‍വേ ട്രാക്കുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നടപടി ആരംഭിച്ചിരിക്കുകയാണ്. ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍, ട്രെയിനുകളിലെ സുരക്ഷ ഉറപ്പാക്കാനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ട്രെയിനുകളുടെ എഞ്ചിന്‍, ഗാര്‍ഡ് കോച്ച് എന്നിവയുടെ മുന്‍ഭാഗങ്ങളിലും, പിന്‍ഭാഗങ്ങളിലും കൂടാതെ ഇരുവശങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ക്യാമറകള്‍ സ്ഥാപിക്കുന്നതിനായുള്ള ടെന്‍ഡര്‍ അടുത്ത മൂന്നുമാസത്തിനുള്ളില്‍ ക്ഷണിക്കുമെന്നും എല്ലാ തീവണ്ടികളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു കോമണ്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെയില്‍വേ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാരുമായി, ചീഫ് സെക്രട്ടറിമാരുമായി ആലോചന നടത്തിയതായും, ട്രാക്കുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ചതായും അശ്വിനി വൈഷ്ണവ് അറിയിച്ചു. അടുത്തിടെ നടന്ന ട്രെയിന്‍ അപകടങ്ങള്‍ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും, പാളം തെറ്റാനുള്ള ഗൂഢാലോചനയുടെ സാധ്യതയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

