മദ്യനിരോധിതമേഖലയായ ലക്ഷദ്വീപിലേക്ക് ഇന്ത്യന്‍നിര്‍മിത വിദേശമദ്യവും ബിയറും വിദേശനിര്‍മിത വിദേശമദ്യവും കയറ്റി അയക്കാന്‍ ബെവറജസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കി. ലക്ഷദ്വീപില്‍ മദ്യവില്‍പ്പനയില്ലെങ്കിലും ബങ്കാരം ദീപിലെ വിനോദസഞ്ചാരികള്‍ക്ക് വേണ്ടിയാണ് മദ്യം കൊണ്ടുപോകുന്നത്. പുറം വില്‍പ്പനയുണ്ടാകില്ല.
ലക്ഷദ്വീപിലെ സര്‍ക്കാര്‍ ടൂറിസം ഏജന്‍സിയായ സ്‌പോര്‍ട്സ് എന്ന ഏജന്‍സിയാണ് അനുമതി തേടിയത്. ഇവര്‍ ഏറെക്കാലമായി ഈ ആവശ്യവുമായി സര്‍ക്കാരിന് പിന്നാലെയുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നും മദ്യം എത്തിക്കുക പ്രായോഗികമല്ലെന്നതാണ് കാരണം.
ബാറുകള്‍, ക്ലബ്ബുകള്‍, മിലിറ്ററി കാന്റീനുകള്‍, കണ്‍സ്യൂമര്‍ഫെഡ്, സ്വന്തം ചെറുകിട വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് മദ്യം നല്‍കാന്‍ മാത്രമാണ് ബിവറേജസ് കോര്‍പ്പറേഷന് അനുമതിയുള്ളത്. മറ്റു ഏജന്‍സികള്‍ക്ക് വില്‍ക്കുന്നതിന് നിയമതടസ്സമുണ്ട്. ഇതേത്തുടര്‍ന്നാണ് ലക്ഷദ്വീപ് വിനോദസഞ്ചാരമേഖലയിലെ സര്‍ക്കാര്‍സംരംഭമായ ടൂറിസം സൊസൈറ്റി ഇളവുതേടി സര്‍ക്കാരിനെ സമീപിച്ചത്. എറണാകുളം ഗോഡൗണില്‍നിന്നാകും മദ്യം നല്‍കുക.
ഡിസ്റ്റിലറിയില്‍നിന്നും നേരിട്ട് മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ കഴിയുമെങ്കിലും വിവിധ കമ്പനികളുടെ മദ്യം ആവശ്യമുള്ളതിനാലാണ് ബെവറജസ് കോര്‍പ്പറേഷനെ സമീപിച്ചത്. കൊച്ചി അല്ലെങ്കില്‍, ബേപ്പൂര്‍ തുറമുഖംവഴി ലക്ഷദ്വീപിലേക്ക് കപ്പല്‍മാര്‍ഗമാകും മദ്യം കൊണ്ടുപോകുക. അനുമതി നല്‍കിയെങ്കിലും മദ്യം കൊണ്ടുപോകുന്നതിന് പെര്‍മിറ്റ് നല്‍കുന്നതില്‍ ആശയക്കുഴപ്പമുണ്ട്.
അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇതിനുള്ള ക്രമീകരണങ്ങളില്‍ മാറ്റംവരുത്തി എക്സൈസ് കമ്മിഷണര്‍ ഉടന്‍ ഉത്തരവിറക്കും. ബെവറജസ് സംഭരണകേന്ദ്രങ്ങളില്‍നിന്നും വിവിധ ലൈസന്‍സ് സ്ഥാപനങ്ങളിലേക്ക് മദ്യം കൊണ്ടുപോകാന്‍ മാത്രമാണ് എക്സൈസ് പെര്‍മിറ്റ് നല്‍കുന്നത്. ഡിസ്റ്റിലറികളില്‍നിന്നും മദ്യ കയറ്റുമതിക്ക് പ്രത്യേകാനുമതിയും നല്‍കും. ലക്ഷ്വദീപിലേക്ക് മദ്യം നല്‍കണമെങ്കില്‍ ഇതുരണ്ടും വേണ്ടിവരും. നിലവിലെ അബ്കാരി ചട്ടത്തില്‍ ഇതിന് വ്യവസ്ഥയില്ല.
സര്‍ക്കാര്‍ ഒറ്റത്തവണ അനുമതി നല്‍കിയ സ്ഥിതിക്ക് നികുതി ഈടാക്കുന്നതിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഡിസ്റ്റിലറികളില്‍നിന്നുള്ള കയറ്റുമതിക്ക് എക്‌സ്പോര്‍ട്ട് ഫീസും, ഗോഡൗണില്‍നിന്നുള്ള വില്‍പ്പനയ്ക്ക് എക്സൈസ് വില്‍പ്പനനികുതികളുമാണ് ബാധകം. ഇതില്‍ ഏത് ഈടാക്കണമെന്നത് സംബന്ധിച്ച് എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പില്‍നിന്നും നിര്‍ദേശം തേടും. ഇതിനുശേഷം മദ്യംകൊണ്ടുപോകാന്‍ പ്രത്യേക പെര്‍മിറ്റ് നല്‍കും.