വീസ കാലാവധി തീര്‍ന്നിട്ടും ഇവിടെ തങ്ങേണ്ടിവരുന്ന വിദേശികളെ നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കാനാകില്ല: ഹൈക്കോടതി


കൊച്ചി: യാത്രാരേഖകളുമായി ഇന്ത്യയിലെത്തിയതിനുശേഷം വീസ കാലാവധി തീര്‍ന്നിട്ടും ഇവിടെ തങ്ങേണ്ടിവരുന്ന വിദേശികളെ നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി.

ഉഗാണ്ട, കെനിയ സ്വദേശികള്‍ക്കെതിരേ ഫോറിന്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്‍റെ അന്തിമ റിപ്പോര്‍ട്ടും ഇതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷന്‍ നടപടികളും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് റദ്ദാക്കി.

യാത്രാരേഖകളില്ലാതെ അനധികൃതമായി എത്തുന്നവരെയും മതിയായ രേഖകളോടെ വന്നിട്ടു മടങ്ങാനാകാത്തവരെയും ഒരേനിലയില്‍ കണക്കാക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇതു രണ്ടുതരം കുറ്റകൃത്യമാണ്. ഹര്‍ജിക്കാരായ വിദേശികളെ നുഴഞ്ഞുകയറ്റക്കാര്‍ക്കു സമാനമായി കണ്ട് കുറ്റം ചുമത്തിയത് വിചാരണക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഇടപെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാര്‍ പാസ്‌പോര്‍ട്ട് നിയമം ലംഘിച്ചെന്നും മറ്റൊരാളുടെ പാസ്‌പോര്‍ട്ട് കാണിക്കുന്ന സ്ഥിതിയുണ്ടായെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടിയ സംഭവമില്ലാത്തതിനാല്‍ കുറ്റം നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال