പി.ജി. ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് ഈ പ്രതിഷേധം. ഇതിന്റെ സമകാലിക സാഹചര്യത്തിൽ മമതാ ബാനർജി സർക്കാറിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പുനൽകുമ്പോഴും, നീതി തേടുന്നവരെ ജയിലിലടക്കുകയാണെന്ന് ഇരയുടെ പിതാവ് ആരോപിച്ചു.
സംഭവത്തെത്തുടർന്ന് കോളേജ് പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷ് രാജി വച്ചെങ്കിലും, എട്ട് മണിക്കൂറിനുള്ളിൽ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിൽ പുതിയ പ്രിൻസിപ്പലിനെ നിയമിച്ച മമതാ സർക്കാരിന്റെ നടപടി സംശയാസ്പദമാണെന്നും പറയുന്നു. കൂടാതെ, സന്ദീപ് ഘോഷിന്റെ മൊഴികളിലും ആശുപത്രി രേഖകളിലും പരസ്പരവിരുദ്ധതകളുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കൊൽക്കത്ത പോലീസ് ആർ.ജി. കാർ മെഡിക്കൽ കോളജ് പരിസരത്ത് 7 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവിൽ മെഡിക്കൽ കോളജ് പരിസരത്ത് ധർണകളോ റാലികളോ അനുവദിക്കില്ലെന്ന് അവർ അറിയിച്ചു. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി, ആശുപത്രിയ്ക്ക് നേരെ ആക്രമണം നടക്കുകയും, പ്രതിഷേധങ്ങൾ ഭൂരിഭാഗവും അക്രമാസക്തമാവുകയും ചെയ്തതിനെത്തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും വ്യക്തമാക്കുന്നു.
സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, എല്ലാ സംസ്ഥാനങ്ങളും ഓരോ 2 മണിക്കൂറിൽതോറും അവരുടെ ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

