വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി; സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തിയിരിക്കുന്നു. കൊളംബോയിൽ നിന്ന് വന്ന 'മറീൻ അസർ' എന്ന ഫീഡർ കപ്പലാണ് വിഴിഞ്ഞത്തിലെത്തിയത്. കപ്പൽ ഇപ്പോൾ തുറമുഖത്തിന്റെ പുറംകടലിൽ ഉണ്ട്. വിഴിഞ്ഞത്ത് ആദ്യമായി എത്തിയ 'സാൻ ഫെർണാണ്ടോ' കപ്പൽ മടങ്ങിയതിന് ശേഷമേ മറീൻ അസറിന് ബർത്തിങ് അനുവദിക്കുകയുള്ളു.

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ഉദ്ഘാടനത്തിനായി എത്തിയ സാൻ ഫെർണാണ്ടോ കപ്പൽ ചരക്കുകളിറക്കിയശേഷം നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിയോടെ തുറമുഖം വിടും.

സാൻ ഫെർണാണ്ടോയിൽ നിന്ന് ആകെ 1930 കണ്ടെയ്‌നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതിൽ 607 കണ്ടെയ്‌നറുകൾ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷൻ ചെയ്യുന്നതിനുള്ള ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോഴായിരിക്കും കപ്പൽ മടങ്ങുക.

ട്രയൽ റണ്ണായതിനാൽ വളരെ സാവകാശമായിരുന്നു കണ്ടെയ്‌നറുകൾ ഇറക്കിയതും കയറ്റിയതും. കഴിഞ്ഞ വ്യാഴാഴ്ചയാണ് സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞത്തെത്തിയത്.







Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال