എടത്വ: അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നതിനാൽ പമ്പ, മണിമലയാർ എന്നിവ കരകവിഞ്ഞതോടെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. മുട്ടാർ പഞ്ചായത്തിൽ നിരവധി വീടുകൾ വെള്ളത്തിൽ ആണ്. തലവടി പഞ്ചായത്തിലെ കുതിരച്ചാൽ പുതുവൽ പ്രദേശത്തെ 16 ഓളം വീടുകളിൽ വെള്ളം കയറി. രണ്ടര ആഴ്ചക്കുളിൽ രണ്ടാം തവണയാണ് കുതിരച്ചാൽ പുതുവൽ പ്രദേശത്തെ വീടുകൾ വെള്ളത്തിൽ മുങ്ങുന്നത്.
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ അഞ്ച് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മൂന്നു ദിവസത്തിനുള്ളിൽ പ്രധാന നദികളിലെ ജലനിരപ്പ് മൂന്നു അടിയോളം ഉയർന്നു.
നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാർ, തലവടി, എടത്വ, വീയപുരം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായിരിക്കുന്നത്. തകഴി പഞ്ചായത്തിലും ഇന്നലെ വൈകുന്നേരം മുതൽ ജലനിരപ്പ് ഉയരാൻ തുടങ്ങി.
കുട്ടനാട്ടിലെ പ്രധാന പാതകൾ ഉൾപ്പെടെ ഇട റോഡുകളും വെള്ളത്തിൽ മുങ്ങുകയാണ്. തായങ്കരി - കൊടുപ്പുന്ന റോഡിൽ വേഴപ്ര കുരിശ് അടിക്ക് സമീപത്തും പടപ്പിൽ മുട്ട് ഭാഗത്തും, നീരേറ്റുപുറം - കിടങ്ങാ റോഡിൽ മുട്ടാർ ജംക്ഷൻ സമീപത്തും വെള്ളം കയറിയിട്ടുണ്ട്. തായങ്കരി - കൊടുപ്പുന്ന റോഡു വഴിയുള്ള ബസ് സർവീസ് കെ.എസ്.ആർ.ടി.സി നിർത്തിവെച്ചിരിക്കുകയാണ്.

