പാലക്കാട്: വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. നഞ്ചമ്മയുടെ ഭർത്താവിന്റെ കുടുംബത്തിന് കയ്യിലുള്ള നാല് ഏക്കർ ഭൂമിയാണിത്. എന്നാൽ പാരമ്പര്യ ഭൂമി തിരികെ ലഭിക്കുന്നതിനായുള്ള നഞ്ചമ്മയുടെ പോരാട്ടം ഇനിയും നീളും. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ ഭൂമി തിരികെ നൽകാൻ കഴിയില്ലെന്നും അട്ടപ്പാടി തഹസിൽദാർ ഷാനവാസ് അറിയിച്ചു. നഞ്ചമ്മയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും തഹസിൽദാർ കൂട്ടിച്ചേർത്തു.
നഞ്ചമ്മയുടെ ഭർത്താവിന്റെ അച്ഛൻ നാഗമൂപ്പന്റെ കൈയിൽ നിന്ന് കന്ത ബോയൻ എന്ന ഒരാളാണ് ഭൂമി കൈവശപ്പെടുത്തി വാങ്ങിയത്. 2003-ൽ, നഞ്ചമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിൽപ്പന റദ്ദാക്കി ഭൂമി അവകാശികൾക്ക് തിരിച്ചുകൊടുത്തു. അവർ കൃഷി ചെയ്തുകൊണ്ടിരിക്കേ, 2007-ൽ ഈ ഭൂമി മിച്ചഭൂമിയാണെന്ന് നോട്ടീസ് നൽകി അഗളി വില്ലേജ് അധികൃതർ ഒഴിപ്പിച്ചു. മൂന്നുവർഷത്തിനുശേഷം കെ.വി. മാത്യു എന്നൊരാൾ ഈ ഭൂമിയുടെ അവകാശിയായി വന്നത്.
ഒറ്റപ്പാലം സബ് ജഡ്ജിയുടെ ഒപ്പിട്ട ആധാരമാണ് മാത്യു ഹാജരാക്കിയ തെളിവ്.നഞ്ചമ്മയുടെ പാരമ്പര്യ ഭൂമി തിരികെ ലഭിക്കുന്നതിനുള്ള പോരാട്ടം, ഹൈക്കോടതിയുടെ അന്തിമ വിധിക്ക് പിന്നാലെ മാത്രമേ തീരുമാനമാകൂ.

