മലപ്പുറം: മലമ്പനി റിപ്പോർട്ട് ചെയ്ത മലപ്പുറം പൊന്നാനിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്പുകൾ നടത്തും. ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് രോഗം പടർന്നു എന്ന സംശയം പരിഹരിക്കുന്നതിനാണ് ഈ നീക്കം. പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗവും പൊന്നാനിയിൽ നടന്നു.
മലമ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ പൊന്നാനി നഗരസഭാ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. നഗരസഭയിലെ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനും, രാത്രി കാലങ്ങളിലും സന്ധ്യാസമയത്തും വീടുകൾ കേന്ദ്രീകരിച്ച് ജൈവ കൊതുകുനാശിനി സ്പ്രേ ചെയ്യാനും യോഗം തീരുമാനിച്ചു.
കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും, മലമ്പനി പിടിപെട്ട വാർഡ് 5-നു പുറമേ, സമീപവാർഡുകളായ 4, 6, 7, 31 എന്നിവയിലും വീടുകൾ സന്ദർശിച്ച് രക്തം പരിശോധിച്ച് രോഗ നിർണയം നടത്താനും തീരുമാനിച്ചു. മഴയുടെ തീവ്രത കുറയുന്ന മുറയ്ക്ക് ഫോഗിംഗ് നടത്തുവാനും, ഇതിനാവശ്യമായ ഫോഗിംഗ് മെഷീനുകൾ വാങ്ങുവാനും യോഗത്തിൽ ധാരണയായി.
മഴക്കാല പൂർവ്വ ശുചീകരണത്തിൽ നഗരസഭ വരുത്തിയ വീഴ്ചയാണ് മലമ്പനിപോലുള്ള പകർച്ച വ്യാധിക്ക് കാരണമായതെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇതിനിടെ, മലമ്പനി ബാധിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി ആശുപത്രി വിട്ടു. ഇദ്ദേഹം താമസിച്ചിരുന്ന മമ്പാട് പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ഇവിടെ രോഗം മറ്റാർക്കും പകർന്നിട്ടില്ലെന്ന് ഉറപ്പു വരുത്തിയതായി ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.

