കഴിഞ്ഞ ദിവസം മേഖലയിലെ സ്വതന്ത്ര ബസ്സ് തൊഴിലാളികൾ പണിമുടക്കിയിരുന്നു. എന്നാൽ പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകൾ സമരത്തിനില്ലെന്ന തീരുമാനത്തിലാണ്. റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കും എന്ന് ട്രേഡ് യൂണിയനുകൾക്ക് അശരീരി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കേച്ചേരി ചൂണ്ടൽ മേഖലയിൽ നഷ്ടപ്പെടുന്ന സമയം ബാക്കി ഇടങ്ങളിൽ മരണപ്പാച്ചിൽ പാഞ്ഞ് തിരിച്ച് പിടിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒന്ന് കണ്ണടച്ച് കൊടുക്കും, അതാണ് ഒത്തുതീർപ്പെന്നും ചില സൂചനകളുണ്ട്.സ്വതന്ത്ര തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് ഏതാണ്ട് പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തൃശ്ശൂർ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ട്രേഡ് യൂണിയനുകൾ ഒരു പണിമുടക്ക് പോലും നടത്തിയിട്ടില്ലെന്നതും ഇതിനോട് ചേർത്ത് വായിക്കണം.കേച്ചേരിക്കും ചൂണ്ടലിലും ഇടയിൽ റോഡിൽ കുഴിയാണോ അതോ കുഴികൾക്കിടയിൽ റോഡാണോ എന്ന് വിദഗ്ദ സംഘം പരിശോധിച്ച് തീരുമാനത്തിൽ എത്തേണ്ടി വരും.
കുന്നംകുളത്ത് നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ആമ്പുലൻസുകളിൽ കൊണ്ടുപോകുന്നത് കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിലൂടെ ചൂണ്ടൽ കേച്ചേരി മുണ്ടൂർ അവണൂർ വഴിയായിരുന്നു. ഈ വഴിയിലൂടെ രോഗികളുമായി ആമ്പുലൻസുകൾ ഇപ്പോൾ സഞ്ചരിക്കുന്നില്ല. പകരം എരുമപ്പെട്ടി പാത്രമംഗലം വഴിയാണ് ആമ്പുലൻസുകൾ രോഗികളെ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്.
സ്വകാര്യ ബസ്സുകളുടെ അമിതവേഗതയെ കുറിച്ച് ചർച്ച ചെയ്യുമ്പോഴെല്ലാം ഉയർന്ന് വരുന്ന വാദം സമയക്രമീകരണം, പെർമ്മിറ്റ് നൽകിയ സർക്കാർ സംവിധാനങ്ങളുടെ പിടിപ്പ് കേട് എന്നൊക്കെയാണ്. എന്നാൽ കേരളത്തിലെ തന്നെ എറ്റവും തിരക്കുള്ള സംസ്ഥാന പാത തകർന്ന് തരിപ്പണമായിട്ടും ബസ്സ് ജീവനക്കാരുടെ ട്രേഡ് യൂണിയനുകൾ തുടരുന്ന മൗനത്തിന് പിന്നിൽ അജണ്ടകൾ ഏറെയുണ്ട്. മരണപ്പാച്ചിൽ നടത്തിയാൽ സർക്കാർ സംവിധാനം കണ്ണടച്ചിരിക്കും എന്ന ഉറപ്പിന് നൽകുന്ന പ്രത്യുപകാരമായി ട്രേഡ് യൂണിയനുകൾ പ്രതിഷേധം നടത്താതെ മൗനം ആചരിക്കുന്നു.
അനിശ്ചിതകാലം പണിമുടക്കുമെന്ന പ്രഹസന പ്രഖ്യാപനത്തിന് ശേഷം പിന്നെയും മഴ ഏറെ പെയ്തു, കുഴികൾ വളർന്ന് ഗർത്തങ്ങളായി വികസിച്ചു, റോഡ് ശോഷിച്ച് കാണാതായി.. ഇനി പണിമുടക്ക് എന്ന ഭീഷണി ഉയ്യർത്താൻ ട്രേഡ് യൂണിയനുകൾ വരാൻ സാധ്യതയില്ല. പ്രതിഷേധ ശബ്ദം ഉയർത്തുന്ന സ്വതന്ത്ര തൊഴിലാളികൾക്ക് സംഘടനാ ബലവും ഇല്ല. ഇനിയും ദുരിതയാത്ര തുടരേണ്ടി വരും. ബസ്സുകളുടെ അമിത വേഗതക്ക് എതിരെ സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യാൻ പോകുന്നില്ല എന്ന സത്യം മനസ്സിലാക്കി ഒന്നുകിൽ ജനങ്ങൾ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുക. കഴിയുമെങ്കിൽ ആ വഴിയിലൂടെ യാത്ര ചെയ്യാതെ മുഖ്യൻ ചെയ്ത പോലെ വടക്കാഞ്ചേരി വഴി വണ്ടി തിരിച്ച് വിടുക


