കണ്ണൂര്‍: നാട്ടുകാർ നൽകിയ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പാനൂർ കെകെവി പിആർഎം ഹയർസെക്കന്ററി സ്കൂളിന്റെ ബസാണ് മുണ്ടത്തോട് - കടവത്തൂർ റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയത്.
വൈകീട്ട് സ്കൂൾ കുട്ടികളുമായി പോയ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. 10 ഓളം കുട്ടികൾ ബസിലുണ്ടായിരുന്നു. മുണ്ടത്തോട് - കടവത്തൂർ റോഡിലെ വെള്ളക്കെട്ടിലാണ് ബസ് കുടുങ്ങിയത്. സ്കൂൾ ജീവനക്കാരും ബസിലുണ്ടായിരുന്നു.
നാട്ടുകാർ ബസ് മുന്നോട്ട് പോകില്ലെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് അവഗണിച്ച് ബസ് വെള്ളക്കെട്ടിൽ പകുതിയോളം എത്തിയപ്പോൾ, മുന്നോട്ടും പിന്നോട്ടും പോകാനാവാതെ കുടുങ്ങി. തുടർന്ന്, കുട്ടികളെ ഇറക്കി മറ്റൊരു ബസ് എത്തിച്ച് കയറ്റി വിടുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്കൂൾ കുട്ടികളെയും ഇരുത്തി, വെള്ളത്തിലൂടെ നാട്ടുകാർ ബസ് തള്ളി നീക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അരക്കൊഴുപ്പ് വരെ വെള്ളമുണ്ടായിരുന്ന റോഡിലേക്കാണ് നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഡ്രൈവർ സ്കൂൾ ബസ് ഓടിച്ചത്.

