പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച യുവതിയുടെ ചിതാഭസ്മത്തില്‍ സര്‍ജിക്കല്‍ ബ്ലേഡ് ; ആശുപത്രിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു


ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രസവത്തിനിടെ മരിച്ച യുവതിയുടെ ചിതാഭസ്മത്തിൽ നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തി . സംഭവം കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും വലിയ പ്രതിഷേധത്തിന് ഇടയായി. ഇതേത്തുടർന്ന് പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെട്ടു.നാടിനെ നടുക്കിയ ഈ സംഭവം മീററ്റിലാണ് നടന്നത്.

 നവ്‌നീത് കൗർ എന്ന യുവതിയാണ് മവാനയിലെ ജെകെ ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ചത്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് മരണം സംഭവിക്കുകയായിരുന്നു. അന്ത്യകർമങ്ങൾ ഗ്രാമത്തിൽ നടന്നു. ശവസംസ്‌കാര ചടങ്ങിന് ശേഷം കുടുംബാംഗങ്ങൾ യുവതിയുടെ ചിതാഭസ്മം ശേഖരിക്കുമ്പോൾ സർജിക്കൽ ബ്ലേഡ് കണ്ടെത്തി. ശസ്ത്രക്രിയയ്ക്കിടെ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചികിത്സാപിഴവിന്റെ ഫലമായിട്ടാകാം സർജിക്കൽ ബ്ലേഡ് വയറിനുള്ളിൽ മറന്നുവെച്ചതെന്നും, ഇതാണ് മരണകാരണമെന്നും കുടുംബം ആരോപിച്ചു.സംഭവത്തെത്തുടർന്ന്, കുടുംബം നൽകിയ പരാതിയെ തുടർന്ന്, മീററ്റിലെ ചീഫ് മെഡിക്കൽ ഓഫീസർ ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

 സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. 'ഡോക്ടർമാരിൽ നിന്ന് ഇത്തരമൊരു പിഴവ് പ്രതീക്ഷിച്ചിരുന്നില്ല.  ഞങ്ങൾ ആദ്യം ഇത് വിധിയായി അംഗീകരിച്ചു. പക്ഷേ സർജിക്കൽ ബ്ലേഡ് കണ്ടെത്തിയത് ഞങ്ങളെ ഞെട്ടിച്ചു,'- സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു കുടുംബാംഗം പറഞ്ഞു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال