കണ്ണൂർ: കണ്ണൂർ - മട്ടന്നൂർ റോഡിൽ അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി വനിതാ സഹകരണ സംഘം ബിൽ കലക്ടർ ബി ബീനയാണ് മരിച്ചത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാർ ഇടിച്ചാണ് അപകടം.

ഏച്ചൂർ കമാൽ പീടികയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അമിത വേഗത്തിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിയെ ഇടിച്ചതിനു ശേഷം ഏറെ മുൻപോട്ടു പോയാണ് നിന്നത്. നാട്ടുകാർ ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിന്റെ അമിത വേഗം വ്യക്തമാക്കുന്ന സിസിടിവി കാമറ ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. ലിതേഷിനെതിരെ പൊലീസ് കേസെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ബീനയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.