തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ പോലീസ് നടത്തിയ കോമ്പിങ് ഓപ്പറേഷനിൽ വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 286 വാറന്റ് പ്രതികളെയും 40 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. 250 അബ്കാരി കേസുകളും 106 മയക്കുമരുന്നുകേസുകളും രജിസ്റ്റർ ചെയ്തു.
ഗുണ്ടകളായ രണ്ടുപേരെ കാപ്പ നിയമപ്രകാരം ജില്ലാ പോലീസ് മേധാവിമാർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കളക്‌ടറുടെ ഉത്തരവിൽ കരുതൽ തടങ്കലിലാക്കി. ജില്ലാ അതിർത്തികളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമായി 6140 വാഹനങ്ങളും മുൻ ശിക്ഷാപ്രതികളായ 350 പേരെയും പരിശോധിച്ചു. റേഞ്ച് ഡി.ഐ.ജി. എസ്. അജിതാബീഗത്തിൻ്റെ മേൽനോട്ടത്തിൽ തൃശ്ശൂർ സിറ്റി, റൂറൽ, പാലക്കാട്, മലപ്പുറം ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലാണ് കോമ്പിങ് ഓപ്പറേഷൻ നടത്തിയത്.

282 പട്രോളിങ് ടീമുകൾ പങ്കെടുത്തു. കവർച്ച, ഭവനഭേദനം തുടങ്ങി കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സമൂഹവിരുദ്ധപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെയും ഭാഗമായാണ് കോമ്പിങ് ഓപ്പറേഷനെന്ന് ഡി.ഐ.ജി. അറിയിച്ചു.