ലോക കേരളസഭ നിർത്തിവെച്ച് ആ തുക പ്രവാസികൾക്ക് സഹായ ധനമായി പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രൻ



കോഴിക്കോട്: കുവൈത്ത് അപകടത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ലോക കേരളസഭ നിർത്തിവെച്ച് ആ തുക മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും സഹായ ധനമായി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.


ലോക കേരളസഭ എന്ന പേരിൽ വലിയ മാമാങ്കം നടത്തുന്നതല്ലാതെ അതിന്റെ പ്രയോജനം പ്രവാസികൾക്ക് ലഭിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.മുഖ്യമന്ത്രി നിരന്തരം ഗൾഫ് സന്ദർശിക്കുന്ന ആളാണെങ്കിലും ഇതുവരെ ഒരു ലേബർ ക്യാമ്പിൽ പോവുകയോ അവരുടെ ദുരിതം മനസ്സിലാക്കുകയും ചെയ്തിട്ടില്ല. പ്രവാസികളുടെ ദുരിതത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുക പോലും ചെയ്തിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

ലോക കേരള സഭകൊണ്ട് ഏത് പ്രവാസിക്കാണ് ഗുണം കിട്ടിയത്. കോവിഡിൽ മടങ്ങിവന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനോ അവർക്ക് വായ്പ കൊടുക്കാനോ പോലും സർക്കാർ തയ്യായില്ല. എന്തിനാണ് കോടികൾ ചെലവഴിച്ച് ആളുകളെ കബളിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.കേരളത്തിലും ബിജെപിക്ക് ഇടമുണ്ടെന്നാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്.

ബിജെപി രണ്ടാം സ്ഥാനത്ത് വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയുടെ ബൂത്തിൽ ഉൾപ്പെടെ ബിജെപി ഒന്നാം സ്ഥാനത്താണ്. പരമ്പരാഗത വോട്ടിനൊപ്പം പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിലും മറ്റു പിന്നാക്ക മേഖലകളിലും ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال