ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ പക്കല്‍ നിന്ന് നിരവധി പാകിസ്ഥാന്‍ നിര്‍മ്മിത വസ്തുക്കള്‍ കണ്ടെത്തി. 30 റൗണ്ടുകളുള്ള മൂന്ന് മാഗസീനുകളും മൂന്ന് ഗ്രനേഡുകളും ഭീകരരില്‍ നിന്ന് കണ്ടെത്തി. ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞു കയറുകയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളാണിത്.ഒരു ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളാണ് ഭീകരരുടെ പക്കല്‍ ഉണ്ടായിരുന്നത്.
പാകിസ്ഥാന്‍ നിര്‍മ്മിത ചോക്ലേറ്റുകളും ഉണങ്ങിയ കടലയും പഴകിയ ചപ്പാത്തികളുമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.ഏറ്റുമുട്ടലിനിടെ ഒരു സിആര്‍പിഎഫ് സൈനികനെ വധിച്ച ഭീകരരുടെ പക്കല്‍ പാകിസ്ഥാന്‍ നിര്‍മ്മിത മരുന്നുകളും വേദനസംഹാരികളും എ4 ബാറ്ററിയുടെ രണ്ട് പായ്ക്കുകളും ആന്റിനയുള്ള ഒരു ഹാന്‍ഡ്സെറ്റും ഉണ്ടായിരുന്നു. ഒരു എം4 കാര്‍ബൈനും ഒരു എകെ 47 റൈഫിളും ഇവരുടെ പക്കലുണ്ടായിരുന്നതായി കത്വ പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് കത്വയിലെ ഹിരാ നഗര്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് ഭീകരരെ വധിച്ചെന്നും പ്രദേശത്ത് തെരച്ചില്‍ നടകക്കുകയാണെന്നും ജമ്മു എഡിജിപി ആനന്ദ് ജെയിന്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ട്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്, ഞങ്ങള്‍ പ്രദേശം വളഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ വധിക്കപ്പെട്ടത്.
