ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപിക്കുന്നു, 30 ഇടത്ത് ജാഗ്രതാനിർദേശം



ആലപ്പുഴ : ചേർത്തല നഗരസഭയിലും കഞ്ഞിക്കുഴി പഞ്ചായത്തിലും പക്ഷിപ്പനി സംശയിക്കുകയും മുഹമ്മ പഞ്ചായത്തിൽ സ്ഥിരീകരിക്കുകയും ചെയ്തതിനാൽ ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാനിർദേശം.കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, കുമരകം, അയ്മനം, ആർപ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂർ, മാരാരിക്കുളം വടക്ക്, ആലപ്പുഴ നഗരത്തിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയിൽ, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്ബോളി എന്നീ വാർഡുകൾ, പട്ടണക്കാട്, വയലാർ, ചേന്നം പള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടി.വി. പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണ് ജാഗ്രതാ മേഖലയിലുൾപ്പെടുന്ന പ്രദേശങ്ങൾ.ജാഗ്രതാനിർദേശം കർശനമായി പാലിക്കണമെന്ന് കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.



മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം നടത്തിയിരുന്നു. ഇതിനുശേഷം മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ജാഗ്രതാനിർദേശം നൽകിയത്.


ശ്രദ്ധിക്കേണ്ടവ

  • ഫാമിലും പരിസരത്തും പുറമേനിന്നു വാഹനങ്ങൾ, വ്യക്തികൾ പ്രവേശിക്കാതെ സൂക്ഷിക്കുക.
  • അവശ്യഘട്ടങ്ങളിൽ ശരിയായ രീതിയിൽ അണുനാശനം നടത്തിയ വാഹനങ്ങൾ, ഉപകരണങ്ങൾ മാത്രം അനുവദിക്കുക. ഫാമിൽനിന്നു പുറത്തുപോകുന്ന വാഹനങ്ങളും അണുമുക്തമാക്കണം.
  • പുറമേനിന്നുള്ള മറ്റു പക്ഷിമൃഗാദികൾ ഫാം പരിസരത്തു പ്രവേശിക്കാതെ സൂക്ഷിക്കണം.
  • ഫാമിൽ ജോലിചെയ്യുന്നവർ കൈയുറ, മുഖാവരണം, ഗംബൂട്ട് എന്നിവ ധരിക്കുകയും അണുനാശിനിയുപയോഗിച്ച്‌ വ്യക്തിശുചിത്വം ഉറപ്പാക്കുകയും വേണം. ഫാം നടത്തുന്നവർ മറ്റു പക്ഷിഫാമുകളോ സങ്കേതങ്ങളോ സന്ദർശിക്കരുത്.


  • ഫാമിന്റെ പ്രവേശനകവാടത്തിൽ രണ്ടുശതമാനം വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച്‌ അണുമുക്തമാക്കണം.
  • ഫാമിലുള്ള പക്ഷികളുടെ കൃത്യമായ രേഖകൾ സൂക്ഷിക്കണം. പക്ഷികളിൽ അസ്വാഭാവികമരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിലറിയിക്കണം.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال