സൗന്ദര്യ സംരക്ഷണത്തിന് കറ്റാർവാഴ


സൗന്ദര്യ സംരക്ഷണത്തിന് പണ്ട് മുതൽക്കേ പേര് കേട്ട ഒന്നാണ് കറ്റാർ വാഴ. ഇന്നത്തെ തലമുറയുടെ ഇടയിലും ഇതിനു നല്ല പ്രചാരം ലഭിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്കു ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മുഖത്തെ സാധാരണ ഈർപ്പവും പിഎച്ച് ലെവലും നിലനിർത്തുന്നതിനൊപ്പം മറ്റ് അനേകം ഗുണങ്ങൾ ഉള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. മുഖസൗന്ദര്യത്തിനുള്ള ലേപനങ്ങൾ, മുഖ സൗന്ദര്യം കൂട്ടാനുള്ള ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, തുടങ്ങിയവയിലെല്ലാം കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ചു വരുന്നു. അതുകൊണ്ട് തന്നെ കറ്റാർവാഴ വൻ വ്യാവസായിക ഉത്പാദന മേഖലക്കാണ് വഴി തുറന്നിട്ടിരിക്കുന്നത്. മിക്ക സൗന്ദര്യ വർദ്ധക വസ്തുക്കളിലും ഹെയർ ജെല്ലുകളിലും ക്രീമുകളിലും ഉപയോഗിയ്ക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു കറ്റാർ വാഴ ജെൽ. പല ആയുർവേദ സൗന്ദര്യ സംരക്ഷക വസ്തുക്കളുടെയും പ്രധാന ചേരുവയാണ് കറ്റാർവാഴ.


കറ്റാർ വാഴ ആരോഗ്യത്തിനും ചർമ്മത്തിനും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഒരുപോലെ പ്രയോജനം ചെയ്യുന്നു. കറ്റാർവാഴ ജെൽ മുഖത്തും ശരീരത്തിലും പതിവായി പുരട്ടിയാൽ ലഭിക്കുന്ന ഗുണങ്ങൾ പലതാണ്. കറ്റാർ വാഴ മുഖത്ത് രണ്ടു നേരം പുരട്ടി കുറച്ചു മണിക്കൂർ കഴിഞ്ഞു കഴുകിക്കളഞ്ഞു നോക്കൂ. ചർമ്മത്തിന് നല്ല നിറവും ആരോഗ്യവും തിളക്കവും മിനുസവും ഇത് പ്രദാനം ചെയ്യും. അലോവേരയിൽ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു. അത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ ഒരു മോയ്‌സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ജീവകങ്ങളായ എ, ബി, സി, ഫോളിക് ആസിഡ് തുടങ്ങിയവ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു, കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ മുഖത്തെ ചുളിവുകൾ മാറ്റാൻ സഹായിക്കുന്നു. പ്രായത്തെ മറികടക്കാൻ നല്ല ഉപായമാണ് കറ്റാർ വാഴ.


വേനൽക്കാലത്ത് സൂര്യതാപം കൊണ്ട് ദേഹത്തുണ്ടാകുന്ന പൊള്ളലുകൾക്ക് കറ്റാർവാഴയുടെ ജെൽ പുരട്ടിയാൽ മതിയാകും. പൊള്ളലുകൾ, ചൊറിച്ചിൽ എന്നിവക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് ഇത്. ഒപ്പം നമ്മുടെ ശരീരത്തിലെ പിഎച്ച് ലെവൽ സന്തുലിതമാക്കാനുമുള്ള ഉപാധിയാണിത്. സ്ഥിരമായി കറ്റാർവാഴ ജെൽ പുരട്ടുന്നത് കരുവാളിപ്പ് മാറാനും സഹായിക്കുന്നു. ശരീരത്തിലേൽക്കുന്ന ചെറിയ പൊള്ളലുകൾ പെട്ടെന്ന് മാറാനായി പൊള്ളലേറ്റ ഭാഗത്ത് ദിവസം മൂന്നുതവണ കറ്റാർവാഴ ജെൽ പുരട്ടിയാൽ വ്യത്യാസം കാണാം. ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ തുടങ്ങിയ ഗുണങ്ങൾ കൂടാതെ സാലിസിലിക് ഗുണങ്ങൾ കൂടി അടങ്ങിയതാണ് കറ്റാർ വാഴ.

ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അര സ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്താൽ മുഖത്തെ കരുവാളിപ്പിനു ആശ്വാസമുണ്ടാകും.കൺതടങ്ങളിലെ കറുപ്പ് നമ്മൾ എല്ലാം നേരിടുന്ന വെല്ലുവിളിയാണ്. അമിത സ്‌ക്രീൻ ഉപയോഗം, തിരക്കിട്ട ജീവിത ശൈലി എന്നിവ കൺതടത്തിലെ രക്തയോട്ടം കുറയ്ക്കും. കറ്റാർ വാഴ ജെല്ലിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും പോഷകങ്ങളും ഈ വെല്ലുവിളി പരിഹരിക്കാൻ സഹായിക്കുന്നു. കറ്റാർ വാഴ ജെൽ എടുത്തു കൺതടങ്ങളിൽ ദിവസവും മസ്സാജ് ചെയ്താൽ കണ്ണിനു താഴത്തെ കറുപ്പ് മാറിക്കിട്ടുന്നതാണ്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال