ടാറ്റർസ്ഥാനുമായി കൈകോർക്കാൻ കേരളം; റഷ്യൻ വ്യവസായ സംഘം അടുത്തവർഷമെത്തും


കൊച്ചി: കേരളവും റഷ്യയിലെ സമ്പന്നമായ വ്യവസായ-സാങ്കേതിക മേഖലയായ ടാറ്റര്‍സ്ഥാനും തമ്മിലുള്ള വ്യാപാര, വ്യവസായ, നിക്ഷേപ സഹകരണത്തിന് പുതിയ സാധ്യതകള്‍ തുറക്കുന്നു. ഇതിന്റെ ഭാഗമായി ടാറ്റര്‍സ്ഥാന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഡെലിഗേഷന്‍ ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് (ഐടിഡിഎഫ്‌സി) ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബെന്‍സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഇന്ത്യന്‍ പ്രതിനിധി സംഘം റഷ്യയില്‍ നടന്ന രണ്ടാമത് റഷ്യന്‍-ഇന്ത്യന്‍ ബിസിനസ് ഫോറമായ ടൈം 2026ല്‍ പങ്കെടുത്തു. കേരളവുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ടാറ്റര്‍സ്ഥാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അടുത്തവര്‍ഷം കേരളം സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനങ്ങളോടനുബന്ധിച്ച് ഉള്‍പ്പെടെ ഉന്നതതല നയതന്ത്രവ്യാപാര ഇടപെടലുകളില്‍ പങ്കാളിയായിട്ടുള്ള ഐടിഡിഎഫ്‌സിയുടെ പ്രവര്‍ത്തനപരിചയവും സാമ്പത്തിക നയതന്ത്ര മേഖലയിലെ ഇടപെടലുകളുമാണ് സംഘടനയ്ക്ക് ടാറ്റര്‍സ്ഥാന്‍ സര്‍ക്കാരിന്റെ ക്ഷണം ലഭിക്കാന്‍ കാരണമായതെന്ന് ബെന്‍സി ജോര്‍ജ് പറഞ്ഞു. ഡിസംബര്‍ നാലിന് നടന്ന പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലും ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ഡല്‍ഹി സന്ദര്‍ശനത്തിലും താന്‍ പങ്കാളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ വ്യാപാര നയതന്ത്ര രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് ഐടിഡിഎഫ്‌സിക്ക് നേതൃത്വം നല്‍കുന്നത്. നേരത്തെ ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷനില്‍ (ഐടിഒ) ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ബെന്‍സി ജോര്‍ജിനൊപ്പം, സംഘടനയുടെ സിഇഒ ഫിക്കി, നീതി ആയോഗ് തുടങ്ങിയ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ളയാളാണ്. വിവിധ വ്യാപാര ചേംബറുകളിലും അന്താരാഷ്ട്ര സാമ്പത്തിക സഹകരണ മേഖലകളിലും പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ ചേര്‍ന്നാണ് ബിസിനസ് പ്രതിനിധി സംഘങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്കും രാജ്യാന്തര വ്യാപാര പങ്കാളിത്തത്തിനും പ്രത്യേക പ്രാധാന്യം നല്‍കുന്ന ഐടിഡിഎഫ്‌സി രൂപീകരിച്ചത്.

റഷ്യയിലെ പ്രധാനപ്പെട്ടതും സമ്പന്നവുമായ റിപ്പബ്ലിക്കുകളിലൊന്നാണ് ടാറ്റര്‍സ്ഥാന്‍. ജനസംഖ്യ താരതമ്യേന കുറവാണെങ്കിലും പ്രകൃതിവിഭവങ്ങള്‍, വ്യവസായം, നൂതന സാങ്കേതികവിദ്യ എന്നിവയില്‍ മികച്ച ശേഷിയുള്ള മേഖലയാണിത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുമായും വ്യാപാരബന്ധം വികസിപ്പിക്കാനുള്ള താല്‍പര്യത്തിന്റെ ഭാഗമായാണ് കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് ടാറ്റര്‍സ്ഥാന്‍ സര്‍ക്കാര്‍ ഫോറത്തിലേക്ക് ക്ഷണം നല്‍കിയത്.

2026 ഒക്‌ടോബറില്‍ ടാറ്റര്‍സ്ഥാനില്‍ നടന്ന 'ടൈം 2026 – ടാറ്റര്‍സ്ഥാന്‍ ഇനിഷ്യേറ്റീവ്: മ്യൂച്ച്വല്‍ എഫിഷ്യന്‍സി' എന്ന ഫോറത്തില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു. ഉദ്ഘാടന ചടങ്ങില്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍, ടാറ്റര്‍സ്ഥാന്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഫരീദ് അബ്ദുല്‍ഗനിയേവ്, റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്കന്‍ഡ് ഏഷ്യ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അലക്‌സി പാവ്‌ലോവ്‌സ്‌കി, കസാനിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ജയസുന്ദര്‍ ദേവിപ്രസാദ്, ന്യൂഡല്‍ഹി എംഎല്‍എ ഹരീഷ് ഖുറാന തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോറത്തിന്റെ പ്ലീനറി സെഷനില്‍ ടാറ്റര്‍സ്ഥാനിലെ വ്യവസായ പ്രമുഖരും മന്ത്രിതല പ്രതിനിധികളും കേരളവുമായുള്ള സഹകരണ സാധ്യതകളില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചു. കാര്‍ഷികം, ഭക്ഷ്യസംസ്‌കരണം, വിവരസാങ്കേതികവിദ്യ, ഡിജിറ്റല്‍ പരിവര്‍ത്തനം, ഇ-ഗവേണന്‍സ്, ടൂറിസം, സുഗന്ധവ്യഞ്ജന വ്യാപാരം, ആയുര്‍വേദം, വെല്‍നസ്, നിക്ഷേപം, സ്റ്റാര്‍ട്ടപ്പ് പങ്കാളിത്തം തുടങ്ങിയ മേഖലകളിലാണ് സഹകരണം ലക്ഷ്യമിടുന്നത്. ഇരു മേഖലകളിലെയും അനുയോജ്യമായ വ്യാപാരനിക്ഷേപ അവസരങ്ങള്‍ കണ്ടെത്തുന്നതിനും അവ പ്രായോഗികമാക്കുന്നതിനും ഐടിഡിഎഫ്‌സിയുടെ സഹായം ടാറ്റര്‍സ്ഥാന്‍ പ്രതിനിധികള്‍ തേടി.

ചര്‍ച്ചകളുടെ തുടര്‍നടപടിയായി അടുത്തവര്‍ഷം ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളില്‍ ടാറ്റര്‍സ്ഥാന്‍ സര്‍ക്കാരിന്റെ സിഇഒയും ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രതിനിധികളും അടങ്ങുന്ന സംഘം കേരളവും ഇന്ത്യയിലെ മറ്റ് ചില മേഖലകളും സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബെന്‍സി ജോര്‍ജ് പറഞ്ഞു. കേരളത്തിലെ വ്യവസായ പ്രമുഖര്‍, സംരംഭകര്‍, വ്യാപാര സംഘടനകള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുകയും സംയുക്ത സംരംഭങ്ങള്‍ക്കും വ്യാപാര പങ്കാളിത്തത്തിനുമുള്ള അവസരങ്ങള്‍ കണ്ടെത്തുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഈ കൂടിക്കാഴ്ചകളും തുടര്‍പ്രവര്‍ത്തനങ്ങളും ഐടിഡിഎഫ്‌സി ഏകോപിപ്പിക്കും.

ടാറ്റര്‍സ്ഥാന്‍ സന്ദര്‍ശനത്തിലൂടെ പ്രാഥമിക ചര്‍ച്ചകള്‍ക്കപ്പുറം വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള വ്യക്തമായ സാധ്യതകള്‍ തുറന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കേരളത്തിന്റെ കാര്‍ഷിക,ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്കും സുഗന്ധവ്യഞ്ജന വ്യാപാരത്തിനും ഐടി, ആയുര്‍വേദം, ടൂറിസം മേഖലകള്‍ക്കും റഷ്യന്‍ വിപണിയുമായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഈ നീക്കം സഹായകമാകുമെന്നാണ് പ്രതീക്ഷ. നയതന്ത്ര തലത്തിലുള്ള സൗഹൃദത്തെ പ്രായോഗിക വ്യാപാരനിക്ഷേപ പങ്കാളിത്തമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഐടിഡിഎഫ്‌സി ലക്ഷ്യമിടുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال