തിരുവനന്തപുരം: സര്‍ക്കാര്‍ അറിയാതെ മൂന്ന് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടിലും എക്‌സൈസ് മന്ത്രിയെ തള്ളി വീണ്ടും സീറാം സാംബശിവ റാവു. സസ്‌പെന്‍ഷനിലായ രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരെയും പൂര്‍ണ്ണമായും സംരക്ഷിക്കുന്നതാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ സംശയനിഴലില്‍ ഉള്ള പി എല്‍ ഷിബുവിനും പി കെ സതീഷ് കുമാറിനുമാണ് ആണ് സാംബശിവ റാവു ക്ലീന്‍ ചിറ്റ് നല്‍കിയത്. തന്റെ അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരല്ല എന്ന് കണ്ടെത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്.
ഇരുവരുടെയും ഭാഗത്തുനിന്ന് കൃത്യവിലോപമോ അഴിമതിയോ ഉണ്ടായിട്ടില്ല. ഈ ഉദ്യോഗസ്ഥര്‍ നല്ല സേവന ചരിത്രവും ഔദ്യോഗിക പ്രതിബദ്ധതയും കാഴ്ച വച്ചിട്ടുള്ളവരാണ്. അനധികൃത സാമ്പത്തിക ലാഭം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനമോ അധികാര ദുര്‍വിനിയോഗമോ നടന്നിട്ടില്ല. ഇരുവരും ചട്ടപ്രകാരം സത്യസന്ധമായ ഉദ്ദേശത്തോടെയുള്ള നടപടികളാണ് സ്വീകരിച്ചത്. ഉദ്യോഗസ്ഥരെ ഇപ്പോഴുള്ള ആരോപണങ്ങളില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. അച്ചടക്കനടപടി അവസാനിപ്പിച്ച് സസ്‌പെന്‍ഷന്‍ കാലയളവ് ഡ്യൂട്ടിയായി ക്രമീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥരും ബാര്‍ ലൈസന്‍സികളും അടക്കം എട്ടുപേരുടെ മൊഴി എടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
