അഭിറാമിന്റെ കൊലപാതകം: ഒന്നാം പ്രതിയായ 17 കാരനെ ആക്രിക്കട ഉടമ തിരിച്ചറിഞ്ഞു



തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാമിന്റെ കൊലപാതകത്തില്‍ മൃതദേഹം മാറ്റാന്‍ പ്രതികള്‍ പദ്ധതി ഇട്ടിരുന്നതായി പൊലീസ്. കനത്ത മഴയെ തുടര്‍ന്നാണ് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു മടങ്ങിയത്. ആക്രിക്കടയില്‍ നിന്നും ചാക്ക് വാങ്ങിയ ഒന്നാം പ്രതിയായ 17 കാരനെ ആക്രിക്കട ഉടമ തിരിച്ചറിഞ്ഞു.

അഭിറാമിനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിലെല്ലാം രണ്ടാം പ്രതിയായ ഉമറിന് വലിയ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ തന്നെ മോഷണ കേസുകളില്‍ പ്രതിയായ 22 വയസുകാരനായ ഉമറിന്റെ സഹായി കൂടിയായിരുന്നു ഒന്നാം പ്രതിയായ 17 വയസുകാരന്‍. 18 വയസിനു താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് പലപ്പോഴും ഉമര്‍ മോഷണം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകന്‍ ഉമറാണെന്ന് ഉമറിന്റെ പെണ്‍സുഹൃത്ത് ഐശ്വര്യ മൊഴി നല്‍കിയിരുന്നു. ഈ പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അഭിറാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാങ്ങപ്പാറയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കാനായിരുന്നില്ല പദ്ധതിയെന്നാണ് പ്രതികളുടെ മൊഴി. മൃതദേഹം ചാക്കിലാക്കുമ്പോഴാണ് പ്രദേശത്ത് കനത്ത മഴ പെയ്യുന്നത്. ഇതോടെ ഇവരുടെ പദ്ധതി മുഴുവനായും ഉപേക്ഷിക്കേണ്ടതായി വന്നുവെന്നാണ് ഐശ്വര്യ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതോടെയാണ് അഭിറാമിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ വേഗത്തില്‍ കടന്നു കളഞ്ഞത്.

വീട്ടില്‍ തിരിച്ചെത്തിയ ഉമര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഐശ്വര്യയുമായി സംസാരിച്ചിരുന്നു. ഒന്നാം പ്രതിയായ 17 കാരന്‍ അഭിറാമിനെ കൊലപ്പെടുത്തിയെന്നും അവന്‍ അനുഭവിക്കട്ടെയെന്നുമാണ് ഉമര്‍ ഐശ്വര്യക്ക് അയച്ച മെസേജ്. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ഉറപ്പിക്കാനായാണ് ഇത്തരമൊരു മെസേജ് അയച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ ഫോണ്‍ വീട്ടില്‍ വെച്ചിട്ട് പോയതിനാല്‍ ടവര്‍ ലൊക്കേഷനിലൂടെ വീട്ടിലുണ്ടെന്ന് ഉറപ്പിക്കാമെന്നും കരുതിയിരുന്നു. അവസാനമായി അയച്ച ചാറ്റുകളെല്ലാം ഇയാള്‍ റിമൂവ് ചെയ്തിട്ടുമുണ്ട്. മാത്രമല്ല, ഇന്‍സ്റ്റഗ്രാമില്‍ ഉമറും ഐശ്വര്യയും പങ്കുവച്ച വീഡിയോകളും ഐശ്വര്യ റിമൂവ് ചെയ്തു. അതേസമയം, അഭിറാമിന്റെ ഫോണ്‍ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. പ്രതികളുടെ മൊഴി അനുസരിച്ച് പൊലീസ് പരിശോധന തുടരുകയാണ്.

തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറം ലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ അഭിറാമിനെ കാണാതായിരുന്നു. തുടര്‍ന്ന് കുടുംബം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال