ചേരാനല്ലൂര്‍ വാഹനാപകടം: 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പൊലീസ്

 



എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് വാഹനാപകടത്തില്‍ 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട്. പ്രതി ഉന്നത സ്വാധീനമുള്ളയാളെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്നും പൊലീസ്. കേസില്‍ പ്രതിയായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ മറ്റന്നാള്‍ ഹൈക്കോടതി പരിഗണിക്കും.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍ എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്നും പൊലീസ് പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സെഷന്‍സ് ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ അഞ്ചാം തീയതി ഹൈകോടതി പരിഗണിക്കും. നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയുന്നത് കോടതി വിലക്കിയിരുന്നു. ജഡ്ജി തെളിവ് നശിപ്പിച്ചു എന്ന ജലപാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് ഉടന്‍ മൊഴി എടുക്കും.

അതേസമയം, 17കാരന്റെ പേരുവിവരങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിച്ചതില്‍ സൈബര്‍ പൊലീസ് കേസെടുത്തു. 18ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്.

കേസില്‍ തെളിവ് നശിപ്പിക്കല്‍ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം കഴിഞ്ഞ ദിവസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപെടുത്തും. 17കാരന്റെ പിതാവായ ജഡ്ജി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നതില്‍ വിശദമായ അന്വേഷണം നടക്കും.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال