പ്ലാനിംഗ് ബോര്‍ഡിലെ മൂല്യനിര്‍ണ്ണയ ക്രമക്കേട് കേസ് : പിഎസ്‌സിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി


കൊച്ചി: പ്ലാനിംഗ് ബോര്‍ഡിലെ മൂല്യനിര്‍ണ്ണയ ക്രമക്കേട് കേസില്‍ പിഎസ്‌സിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. 58 ചോദ്യങ്ങളിലെ മാറ്റം ഗുരുതര വീഴ്ചയെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഇതുതന്നെയാണ് അഴിമതിയെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മൂല്യനിര്‍ണ്ണയം നടത്താത്തത് ഗുരുതര വീഴ്ചയാണ്. പിഎസ്‌സി നടത്തിയത് പ്രത്യക്ഷത്തില്‍ തന്നെ അഴിമതിയാണെന്നും ഹൈക്കോടതിയുടെ ഗുരുതര വിമര്‍ശനമുണ്ട്. അഴിമതി നിരോധനനിയമത്തിലെ 17 എ പ്രകാരമുള്ള പ്രോസിക്യൂഷന്‍ അനുമതി സൗകര്യാനുസരണമാണ് വ്യാഖ്യാനിക്കുന്നതെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഇവിടെ പ്രാഥമികാന്വേഷണത്തിന് പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹജരായ ഡിജിപി ഹൈക്കോടതിയെ അറിയിച്ചത്. അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ അതിന് അനുമതി ഇല്ലെന്നായിരുന്നു പിഎസ്‌സിയുടെ അഭിഭാഷകന്‍ വാദിച്ചത്.

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയാണ് പിഎസ്‌സി. വലിയ തലത്തിലുള്ള അഴിമതിയാണ് നടന്നത്. പിഎസ്‌സി ക്രമക്കേടിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും ഹൈക്കാടതി നിരീക്ഷിക്കുന്നുണ്ട്. എന്തുകൊണ്ടാണ് പിഎസ്‌സി അന്വേഷണവുമായി സഹകരിക്കാത്തത്? പിഎസ്‌സി അന്വേഷണവുമായി സഹകരിക്കണം. വസ്തുത പിഎസ്‌സിക്ക് അന്വേഷണ സംഘത്തെ അറിയിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാട്ടിലെ യുവാക്കള്‍ സംരക്ഷിക്കപ്പെടണമെന്ന് സര്‍ക്കാരിനോടും ഹൈക്കോടതി പറഞ്ഞു. പിഎസ്‌സിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

കൊല്ലത്തെ യുവതിയുടെ പരാതി; വിവാഹത്തിന് നൽകിയ 25 പവനും 5 ലക്ഷം രൂപയും പ്രതി നന്ദു കൈക്കലാക്കി
സംസ്ഥാന പ്ലാനിങ് ബോര്‍ഡ് മൂല്യ നിര്‍ണയ കേസിലെ ക്രൈംബ്രാഞ്ച് നോട്ടീസ് ചോദ്യം ചെയ്താണ് സംസ്ഥാന പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് പിഎസ്‌സിക്കെതിരെ കടുത്ത വിമര്‍ശനം കോടതി ഉയര്‍ത്തിയത്. ഹര്‍ജി നിലനില്‍ക്കില്ല എന്നടക്കം ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗീള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്ലാനിങ് ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേട് അടക്കമുള്ളവയിലെ ക്രമക്കേടുകള്‍ പരാതിയായി സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ എത്തിയപ്പോഴാണ് സര്‍ക്കാര്‍ അതില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലെ ക്രമക്കേടില്‍ പ്രഥമികമായി തെളിവ് ശേഖരിച്ചതിന് പിന്നാലെയാണ് എഫ്‌ഐആര്‍ അടക്കം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതിന്റെ മുന്നോട്ട് പോക്കില്‍ വലിയ വെല്ലുവിളിയായത് പിഎസ്‌സി അംഗങ്ങളുടെ നിലപാടാണ്. അഞ്ച് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ക്രൈംബാഞ്ച് ഓഫീസിലേക്ക് നേരിട്ടെത്തില്ലെന്നായിരുന്നു ഇവര്‍ മറുപടി നല്‍കിയത്. പിഎസ്‌സി ആസ്ഥാനത്തെത്തിയാല്‍ മൊഴി നല്‍കാമെന്നാണ് അംഗങ്ങളുടെ നിലപാട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال