കോഴിക്കോട്: ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന മാധ്യമം പത്രത്തിൽ ജീവനക്കാർ രണ്ടു മാസമായി തുടരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ ദേശീയ-സംസ്ഥാന ട്രേഡ് യൂണിയൻ നേതാക്കൾ ശനിയാഴ്ച കോഴിക്കോട് മാധ്യമം ആസ്ഥാനത്തിനു മുന്നിൽ സത്യഗ്രഹം നടത്തും. നിർബന്ധിത കരാർ വത്കരണത്തിനും നിർബന്ധിത രാജിക്കും തൊഴിലാളികൾക്കു മേൽ സമ്മർദം ശക്തിപ്പെടുത്തുന്നതിന് മാനേജ്മെന്റ് ശമ്പളം ആയുധമാക്കുന്നതിനെതിരെ സെപ്റ്റംബർ മൂന്നിന് സംയുക്ത ട്രേഡ് യൂണിയൻ ഐക്യ സമിതി ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യുണിയന്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും നേതൃത്വത്തിൽ തുടങ്ങിയ അനിശ്ചിതകാല സമരത്തോട് മാനേജ്മെന്റും സർക്കാറും പുറംതിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് സത്യഗ്രഹ സമരം.
കരാർ ജീവനക്കാർക്ക് മുടക്കമില്ലാതെ കൃത്യമായി ശമ്പളം നൽകുന്ന മാനേജ്മെന്റ് സ്ഥിരം തൊഴിലാളികളെ രാജിക്ക് നിർബന്ധിതരാക്കുന്നതിന് ശമ്പളം ബോധപൂർവം കുടിശ്ശിക വരുത്തുകയാണ്. ഫെബ്രുവരി ശമ്പളത്തിൽനിന്ന് നാമമാത്ര വിഹിതം മാത്രമാണ് ഒക്ടോബർ അവസാനിക്കുമ്പോഴും തൊഴിലാളിക്ക് ലഭ്യമായിട്ടുള്ളൂ.
