കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗിക്ക് ചികിത്സ നിഷേധിക്കാന്‍ ശ്രമിച്ചെന്ന് പരാതി

 




കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗിക്ക് ചികിത്സ നിഷേധിക്കാന്‍ ശ്രമിച്ചെന്ന് പരാതി. യാത്രാമധ്യേ ആരോഗ്യപ്രശ്‌നമുണ്ടായി ആശുപത്രിയിലെത്തിയ രോഗിക്ക് പണം നല്‍കാതെ ചീട്ട് നല്‍കില്ലെന്ന് ജീവനക്കാർ നിലപാടെടുത്തെന്നാണ് ആരോപണം. പെരുമ്പാവൂര്‍ സ്വദേശി കരീം എ കെയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ 45മിനിറ്റോളം ചികിത്സ നല്‍കാതെ രോഗിയെ ആശുപത്രിയില്‍ ഇരുത്തി. തുടര്‍ന്ന് പൊലീസ് എത്തിയ ശേഷമാണ് ഡോക്ടര്‍ പരിശോധന നടത്തിയത്. ഇതോടെ നില ഗുരുതരമായ രോഗിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. നിലവില്‍ രോഗിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. 

സംഭവസമയം രോഗി പകര്‍ത്തിയ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. താലൂക്ക് ആശുപത്രി ധര്‍മാശുപത്രിയല്ലെന്ന് ജീവനക്കാരി പറയുന്നതും വീഡിയോയില്‍ കാണാം. ചികിത്സ ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ പോകണമെന്നും ആശുപത്രിയിലുള്ളവർ രോഗിയോട് പറഞ്ഞുവെന്നാണ് പരാതിയിൽ പറയുന്നത്. രോഗി ചീറ്റ് ആവശ്യപ്പെടുമ്പോള്‍ ആശുപത്രി ജീവനക്കാരി പണം ആവശ്യപ്പെടുന്നതാണ് ആദ്യം ദൃശ്യങ്ങളില്‍ കാണുന്നത്. ചീട്ട് തരാന്‍ പറയുമ്പോള്‍ പൈസ നല്‍കിയാല്‍ ചീട്ട് നല്‍കാമെന്നും അല്ലാതെ ഇത് ധര്‍മ്മാശുപത്രിയല്ല എന്നാണ് ജീവനക്കാരി മറുപടി നല്‍കുന്നത്. പിന്നാലെ കയ്യില്‍ പണമില്ലെന്നും, ഗൂഗിള്‍പേ മാത്രമാണ് ഉള്ളതെന്ന് രോഗി പറയുമ്പോള്‍, എങ്കില്‍ അത് പണമായി മാറ്റിക്കൊണ്ട് വരണമെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال