തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ പിടിയിൽ. തിരുവനന്തപുരത്തു നിന്ന് മോഷ്ടിച്ച മറ്റൊരു ഓട്ടോറിക്ഷയുമായി എറണാകുളം ചെറുവട്ടൂരിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ മെഡിക്കൽ കോളേജ് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇടുക്കി സ്വദേശിയായ ഷാജി, ഫെബ്രുവരിയിൽ മെഡിക്കൽ കോളേജിന് സമീപത്തുനിന്ന് ഓട്ടോ മോഷ്ടിച്ച ശേഷം മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെയും നിരന്തരം ഇടംമാറിയും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നീക്കങ്ങൾ നിരീക്ഷിച്ചാണ് പൊലീസ് കുടുക്കിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടർന്നാണ് കീഴ്പ്പെടുത്തിയത്. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ കിരൺ എസ്, എ.എസ്.ഐ സിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.