വയനാട് തുരങ്കപാത അപകടത്തിൽ അന്വേഷണം റിപ്പോർട്ട് സ്വീകരിക്കാതെ സർക്കാർ. കള്ളാടി ദുരന്തത്തിൽ സമഗ്ര അന്വേഷണത്തിനായി സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നെങ്കിലും റിപ്പോർട്ട് ഇതുവരെ സ്വീകരിച്ചിട്ടില്ല.
സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. എന്നാൽ റിപ്പോർട്ട് ആർക്ക് സമർപ്പിക്കണം എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. സമിതിയെ നിയോഗിച്ചത് ദുരന്തനിവാരണ വകുപ്പാണ്. റിപ്പോർട്ട് തയ്യാറായതായി അറിയിച്ചിട്ടും സർക്കാരിൽ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
അന്വേഷണത്തിനായി സമിതി അംഗങ്ങൾക്ക് ചിലവാതുകയും ഇതുവരെ നൽകിയിട്ടില്ല. എന്നാൽ, വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പഠിച്ച ശേഷം തുരങ്ക പാതയുടെ നിർമ്മാണത്തിൽ തുറന്നു നടപടി എന്നായിരുന്നു സർക്കാർ നിലപാട്. അന്വേഷണ റിപ്പോർട്ട് ഇപ്പോഴും സമിതി അംഗങ്ങളുടെ പക്കൽ വിശ്രമിക്കുന്നു.
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് കള്ളാടി ദുരന്തത്തിലേക്ക് നയിച്ചത്. നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. മണ്ണ് കൂട്ടിയിട്ടതും, തുടർച്ചയായി പെയ്ത മഴയും അപകടത്തിലേക്ക് നയിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ അപകടത്തിന്റെ ഉത്തരവാദിത്വം കരാർ കമ്പനിയുടെ മേൽ ചുമത്താൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ സർക്കാരിൻ്റെ വാദത്തേയും വിശദീകരണത്തേയും തള്ളി കരാർ കമ്പനി രംഗത്ത് വന്നിരുന്നു.