തൃശൂർ നഗരത്തെ ഹരം കൊള്ളിച്ച് പുലികൾ ഇറങ്ങി


തൃശൂർ നഗരത്തെ ഹരം കൊള്ളിച്ച് പുലികൾ ഇറങ്ങി. നാലാം ഓണനാളിൽ നടക്കുന്ന പുലിക്കളി മഹോത്സവം ഇത്തവണയും കെങ്കേമമായി. അരമണി കിലുക്കി രൗദ്ര ഭാവമണിഞ്ഞ് നൃത്തചുവടുകൾ വച്ച് സ്വരാജ് റൗണ്ട് കീഴടക്കിയ പുലികളെ കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് തൃശൂരിലേക്ക് എത്തിയത്.

തൃശൂരിൻ്റെ ഓണാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് നാലാം ഓണനാളിൽ അരങ്ങേറുന്ന പുലികളി മഹോത്സവം ഇക്കുറിയും വർണ്ണാഭമായി. വിവിധ വർണ്ണങ്ങൾ ചാലിച്ച് അണിഞ്ഞൊരുങ്ങിയ കരിമ്പുലികളും പുള്ളിപ്പുലികളും വരയൻ പുലികളും നഗര ഹൃദയം കീഴടക്കുന്നതോടൊപ്പം ജനഹൃദയങ്ങളും കീഴടക്കി. മണിക്കൂറുകൾ നീണ്ട അധ്വാനത്തിനൊടുവിലാണ് പുലികളെ വർണ്ണങ്ങൾ ചാലിച്ച് അണിയിച്ചൊരിക്കിയത്. ഇത്തവണ 9 പുലിക്കളി സംഘങ്ങളാണ് ഉണ്ടായിരുന്നത്.

തൃശൂരിൻ്റെ തനത് കലാരൂപമായ പുലിക്കളി കാണാൻ ഇത്തവണയും വൻ തിരക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. പെൺപുലികളും കുട്ടി പുലികളും ഇത്തവണയും സജീവമായിരുന്നു. പുരാണ കഥകൾക്കൊപ്പം സമകാലീന വിഷയങ്ങൾ അടങ്ങുന്ന നിശ്ചലദൃശ്യങ്ങളും കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

പുലിക്കൊട്ടിന്റെയും വാദ്യമേള ഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ഓരോ പുലിക്കളി സംഘങ്ങളും സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. അയ്യന്തോൾ, കാനാട്ടുകര, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങര, പാട്ടുരായ്ക്കൽ, ഒളരിക്കര എന്നിങ്ങനെ ഒമ്പത് പുലിക്കളി സംഘങ്ങളാണ് ഇക്കുറി ചുവട് വെച്ചത്. ഓരോ സംഘത്തിലും 31 മുതൽ 51 വരെ പുലികളുണ്ടായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال